Tuesday, December 24, 2024

വേരറുത്തു പോകുന്നവർ

 


                  വേരറുത്തു പോകുന്നവർ

“എന്നാ ഒരു തണുപ്പാ... കർത്താവിന് വല്ല കുംഭത്തിലോ മീനത്തിലോ ജനിച്ചാൽ പോരാരുന്നോ... “ കമ്പിളിക്കുപ്പായത്തിൻറെ കഴുത്ത് ഒന്നുകൂടി വലിച്ചിറുക്കി കഴുത്തിന് കുറച്ചു കൂടി ചേർത്തുപിടിച്ച് ദേവസ്യാച്ചൻ പിറുപിറുത്തു. “ദൈവദോഷം പറയാതെൻറെ മനുഷേനേ... കർത്താവനുഗ്രഹിച്ചാ അടുത്ത ക്രിസ്മസ് പിള്ളാരട കൂടെ നൂസിലാണ്ടി കൂടാം..” അന്നാമ്മച്ചേടത്തി കെട്ട്യോനെ ശാസിച്ചു. രണ്ടു പേരും പാതിരാ കുർബാനയും കഴിഞ്ഞ് പള്ളിയിൽ നിന്നും വരുന്ന വഴിയാണ്. മെയിൻ റോഡ് വരെ കുന്നേലെ മത്തായീം പെമ്പിളേം കൂട്ടുണ്ടായിരുന്നു. മേപ്രത്തെ വീട്ടിലേക്കുള്ള വഴി തിരിയുന്നേടം മുതൽ ദേവസ്യാച്ചനും അന്നാമ്മയും മാത്രമായി. രണ്ടു കുടുംബത്തും അവർ രണ്ടു ദമ്പതികൾ മാത്രമേ ഉള്ളൂ. മക്കളെല്ലാം വിദേശത്താണ്. മത്തായിയും ലില്ലിക്കുട്ടിയും അമേരിക്കയിലുള്ള മകളുടെ അടുത്തു നിന്ന് വന്നിട്ട് രണ്ടാഴ്ച ആകുന്നതേയുള്ളൂ. അവരുടെ അമേരിക്കൻ വിശേഷങ്ങൾ കേട്ടു നടന്നു വന്നതിൻറെ റിയാക്ഷനാണ് അന്നാമ്മയുടെ  വാചകം എന്ന് ദേവസ്യാച്ചന് മനസിലായി. ആയ കാലം മുഴുവനും പറമ്പിൽ കഷ്ടപ്പെട്ടും പശുവിനെ വളർത്തിയും പിള്ളേരെ രണ്ടിനേം പഠിപ്പിച്ചു. രണ്ടെണ്ണോം ജോലിക്ക് കേറി. ആദ്യം ഡൽഹിയിൽ. പിന്നെ ഗൾഫിൽ. അവിടുന്ന് അയർലണ്ടിൽ.  മൂത്തവൻ ജോയിക്കുട്ടീം കുടുംബവും അയർലണ്ടിൽ നിന്ന് ന്യൂസിലണ്ടിലേക്ക് പോയിട്ട് മൂന്നു മാസം കഴിഞ്ഞു. കുഞ്ഞുമോളും കെട്ട്യോനും അയർലണ്ടിൽത്തന്നെ ഉണ്ട്. അവൻറെ വീതോം വിറ്റു സ്വന്തം വീടും കാറും ഒക്കെ വാങ്ങിച്ച് അവൻറെ അപ്പനേം അമ്മേം കൂടെക്കൂട്ടി. ഇതൊക്കെ കണ്ടിട്ട് അന്നാമ്മയ്ക്ക് അങ്ങോട്ട് ഒക്കുന്നുമില്ല.  ബന്ധക്കാരും അയലോക്കക്കാരും ഒക്കെ ഓരോ നാട്ടിൽ പോയിവന്ന് വിശേഷങ്ങൾ പറയുന്നതും കേട്ട് താൻ എന്നുംകുന്നും ഈ മലമൂട്ടിൽ തന്നെ കെടക്കേണ്ടി വരുമല്ലോ എന്നോർത്ത് ഒരാധി.  മരുമകൾക്കിത് രണ്ടാം മാസമാണ്. ഏഴാംമാസം മുതൽ അവരുടെ കൂടെ ആരെങ്കിലും വേണമല്ലോ. ലിജിയുടെ അമ്മയ്ക്ക് യാത്ര ചെയ്യാനും ആവതില്ല. അതാണ് ഇപ്പോ അന്നാമ്മയുടെ പ്രതീക്ഷ.  അവർ രണ്ടു പേരും പറമ്പിൽ ഉള്ള ആദായമെടുത്തും മക്കൾ അയച്ചു കൊടുക്കുന്ന തുക കൂട്ടിവെച്ചും അങ്ങനെ ജീവിച്ചുപോയി. അങ്ങനെ ക്രിസ്മസും ന്യൂ ഇയറും ഈസ്റ്ററും ഒക്കെ കഴിഞ്ഞ് എട്ടുനൊയമ്പ് തുടങ്ങി. ജോയിക്കുട്ടി ഇതുവരെ അമ്മച്ചിയെ കൊണ്ടുപോകുന്ന കാര്യമൊന്നും പറയുന്നുമില്ല. എനി അവടെ തള്ളേ അങ്ങോട്ടു കെട്ടിയെടുക്കുമാരിക്കും.  അച്ചിക്കോന്തൻ.  അന്നാമ്മ യുടെ ചിന്തകൾ ഇങ്ങനെ പലവഴി പോയി. ദേവസ്യാച്ചൻ പതിവുപോലെ മണർകാട് പള്ളിയിൽ പോയിവന്നു. ജോയിക്കുട്ടിയുടെ പേരിൽ പുതിയതായി വാങ്ങിച്ച പുരയിടത്തിൽ കൊടിയുടെയും കൊക്കോയുടെയും ഒക്കെ ഇടയിൽ വെച്ച വാഴയും ചേനയും ഒക്കെ നനയ്ക്കാൻ ഉള്ള സംവിധാനങ്ങൾ ഒരുക്കുന്ന പണിയിലാണ് ഇപ്പോൾ. ഏതെങ്കിലും കാലത്ത് അവൻ തിരിച്ചു വരുമ്പോഴും വരുമാനത്തിന് എന്തെങ്കിലും ഒരു  വഴി വേണമല്ലോ. വീടും പുരയിടവും കൂടി ജോയിയുടെ പേരിൽ എഴുതിവെച്ചു. അങ്ങനിരിക്കെ  ഒരു ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് ജോയി വീട്ടിൽ എത്തി. അമ്മച്ചിയെ കൊണ്ടുപോകാനുള്ള കടലാസും ശരിയാക്കിയിട്ടുള്ള വരവാണ്.  അന്നാമ്മയ്ക്ക് സന്തോഷമായി. അമ്മയും മകനും കൂടി ടൗണിൽ പോയി തുണിയും പെട്ടിയും കുറെ സാധനങ്ങളും ഒക്കെ വാങ്ങി വന്നു. സന്ധ്യാ പ്രാർത്ഥനയും കഴിഞ്ഞ് വീടിനു പിന്നിൽ  പണിയായുധങ്ങളും ഒക്കെ വെക്കുന്ന മുറിയുടെ വരാന്തയിൽ ഇരുന്ന് അപ്പന് രണ്ടാമത്തെ പെഗ്ഗ് ഒഴിച്ചു കൊടുക്കുന്ന കൂട്ടത്തിൽ ജോയിക്കുട്ടി നൈസായിട്ട് കാര്യം അവതരിപ്പിച്ചു. “ ആയകാലം മുഴുവൻ ഇവിടെ കിടന്നു മടച്ചതല്ലേപ്പാ? ഇനി ഇതൊക്കെ മതിയാക്കാം. നമ്മക്ക് ഈ വീടും പുരയിടോം ഒക്കെ കൊടുത്തിട്ട് അവിടെ സെറ്റിലാകാം. ഞാൻ അവിടെ ഒരു വീടും ഒക്കെ കണ്ടുവെച്ചിട്ടൊണ്ട്. അപ്പനും എൻെറ കൂടെ വരണം. ഉടനെ വേണ്ട. മൂന്നാലു മാസം കഴിഞ്ഞു മതി.”   രണ്ടാമത്തെ പെഗ് സാവധാനം കുടിച്ചിറക്കിയതല്ലാതെ ദേവസ്യാച്ചൻ ഒന്നും പറഞ്ഞില്ല.  ദീർഘമായി ശ്വാസമൊന്ന് വലിച്ചുവിട്ടു. ഇടതുകൈ തലയ്ക്കു പിന്നിലേക്ക് ഉയർത്തി മടക്കിപ്പിടിച്ച് വലതുകൈകൊണ്ട് ഇടതുവാരിയും തടവി അടുക്കളയിലേക്ക് പോയി. അന്നും പിറ്റേന്നും അയാൾ പറമ്പിലേക്ക് പോയില്ല. അന്നാമ്മയുടെ പെട്ടി പാക്ക് ചെയ്യാൻ അയാളും സഹായിച്ചു. അയാളുടെ നിശബ്ദത താൻ പോകുന്നതിന്റെ വിഷമം കൊണ്ടാണെന്ന് അവരും കരുതി. അടുത്ത ഒന്നുരണ്ടു മാസം കൊണ്ട് പത്തുപന്ത്രണ്ടു പേർ ആ വീടിനും വസ്തുവിനും വില പറയാൻ വന്നു. ചിലർക്ക് വിലയൊത്തില്ല, വിലയൊത്ത ചിലരുമായി ദേവസ്യാച്ചനും ഒത്തില്ല. അങ്ങനെ അടുത്ത ക്രിസ്മസ് ആയി. ദേവസ്യാച്ചൻ മക്കളെ വിളിച്ച് ഇത്തവണ ക്രിസ്മസ് ഒരുമിച്ച് വീട്ടിൽ കൂടാം എന്ന് പറഞ്ഞു.  പണിക്കാരൻ ബാബുവും ദേവസ്യാച്ചനും കൂടി ഒരു മനോഹരമായ പുൽക്കൂട് ഒരുക്കി.  മുററത്തിനു താഴെ നിൽക്കുന്ന വലിയ ജാതി മരം ക്രിസ്മസ്ട്രീയായി ഒരുക്കി. അതിൻെറ ഏറ്റവും മുകളിൽ ഒരു വലിയ ചുവന്ന നക്ഷത്രം തിളങ്ങി.  ക്രിസ്മസിനു തലേന്ന് മക്കളെല്ലാം എത്തി. വൈകുന്നേരം അവർക്ക് ഒരു അതിഥി കൂടിയെത്തി. തിരുവല്ലാക്കാരൻ കുര്യൻ. എല്ലാവരുംകൂടി പാതിരാ കുർബാനയും ഒക്കെ കൂടി. പോർക്കും മീനും പോത്തും താറാവും അപ്പവും ഒക്കെ ചേർന്ന് പിറ്റേന്ന് വിരുന്നും ഗംഭീരമായി. ആണുങ്ങളെല്ലാവരും കൂടി പുരയിടം കാണാനായിറങ്ങി.  ഓരോ ചെടിയും ഓരോ മരക്കാലും തൊട്ടുകാണിച്ച് അതെല്ലാം നട്ടു നനച്ചു വളർത്തിയ കഥകൾ പറഞ്ഞു ദേവസ്യാച്ചൻ. അന്നാമ്മയും പെണ്ണുങ്ങളും ചേർന്ന് പെട്ടികൾ കെട്ടി. ന്യൂ ഇയറിന് അയർലണ്ടിലെ മകളുടെ കൂടെ. അതുകഴിഞ്ഞ് ന്യൂസിലണ്ടിലേക്ക്. അങ്ങനെയായിരുന്നല്ലോ അവരുടെ പരിപാടി. സന്ധ്യ മയങ്ങിയപ്പോൾ ആണുങ്ങളെല്ലാം സ്മോളടിക്കാനുള്ള വട്ടം കൂട്ടി. അവിടെവെച്ച് കുര്യൻ ആ സ്ഥലത്ത് താൻ തുടങ്ങാൻ ഉദ്ദേശിക്കുന്ന റിസോർട്ടിൻറെ കാര്യം പറഞ്ഞു. അപ്പോഴാണ് വീടും പുരയിടവും എല്ലാം കുര്യനു വിറ്റ കാര്യം ദേവസ്യാച്ചൻ അറിഞ്ഞത്. പിന്നെ അയാളൊന്നും മിണ്ടിയില്ല. പിറ്റേന്ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പറക്കുമ്പോൾ നിറഞ്ഞ കണ്ണുകൾ കാഴ്ച മറച്ചെങ്കിലും ജനാലയ്ക്കരികിലെ സീറ്റിൽ നിന്ന് ദേവസ്യാച്ചൻ താഴേക്ക് നോക്കി. താഴെ എവിടെയെങ്കിലും ജാതിമരത്തിനു മുകളിൽ തിളങ്ങുന്ന ഒരു ചുവന്ന നക്ഷത്രം കാണാനുണ്ടോ എന്ന്.

Tuesday, December 3, 2024

മണികർണിക

  മച്ചിൽ തിരിയുന്ന ഫാനിലേക്ക് നോക്കിയുള്ള ഈ കിടപ്പു തുടങ്ങിയിട്ട് ഇന്ന് നാലു ദിവസം കഴിയുന്നു. എരിയുന്ന ചന്ദനത്തിരികളുടെയും കർപ്പൂരത്തിന്റെയും ഗന്ധമുള്ള ചെറിയ മുറി. മങ്ങിയ പച്ചനിറമുള്ള ഭിത്തികൾ . കട്ടിലിൻറെ തലയ്ക്കൽ ഗംഗയിലേക്ക് തുറന്നിട്ട രണ്ടു പാളികൾ ഉള്ള ജനാല. ജനാലയ്ക്കു മുകളിൽ തൂങ്ങുന്ന ഒരു ചെറിയ തേനീച്ചപ്പെട്ടി പോലെ തോന്നിക്കുന്ന ലൗഡ് സ്പീക്കറിൽ നിന്നും വിശ്വനാഥാഷ്ടകവും തുളസീ രാമായണവും നേർത്ത സ്വരത്തിൽ മാറി മാറി കേൾക്കാം. ഒപ്പം വന്നവർ കർമ്മികളായ പണ്ഡകളെയും ശ്മശാനത്തിന്റെ നടത്തിപ്പുകാരായ ദോമുകളെയും തിരഞ്ഞു പോയിട്ടുണ്ടാവണം. ഭിത്തിയോടു ചേർത്തിട്ട കട്ടിലിൽ പണിപ്പെട്ട് നിരങ്ങി അനുപം ഘോഷ് ഭിത്തിയിലേക്കു ചെവി ചേർത്തുവെച്ചു. പുറത്തെ തെരുവിൽ നിന്നും " രാം നാം സത്യ ഹെ... രാം നാം സത്യ ഹെ..." എന്ന മന്ത്രോച്ചാരണ ശബ്ദങ്ങൾ അകന്നു പോകുന്നു. ഇന്നും ആരോ മോക്ഷം പ്രാപിച്ചിട്ടുണ്ട്. ഇവിടെയെത്തിയാൽ പിന്നെ വാരം തികയ്ക്കേണ്ടി വരില്ല എന്നാണല്ലോ.. അയാൾ പതിയെ കണ്ണുകൾ അടച്ചു.

" തോമാർ പൂജാർ ഛൊലേ തൊമായ് ഭൂലേ താക്കി..." ആലിന്റെ തടിയിൽ തറച്ച ആണിയിൽ തൂങ്ങിക്കിടന്ന് മർഫി റേഡിയോ പാടുന്ന രബീന്ദ്ര സംഗീതം കേട്ട്, പടർന്നു പന്തലിച്ച ആൽ മരത്തിന്റെ തണലിൽ, ഗംഗയുടെ കൽപ്പടവുകളിൽ ഒന്നിൽ, അയാൾ സുധാംശുവിന്റെ മടിയിൽ തല വെച്ചു കിടന്നു. കണ്ണടച്ചു കിടക്കുന്ന അയാളുടെ മുഖത്ത് കുഞ്ഞുങ്ങളുടെ മുഖത്ത് മാത്രം കാണുന്നതുമാതിരിയുള്ള ഒരു നിഷ്കളങ്കത നിറഞ്ഞു നിന്നു. ആ വരികളുടെ അർത്ഥം പറയുന്നതുപോലെ "നിന്നെ ഞാൻ ഒരിക്കലും ആരാധിക്കില്ല, ആരാധിക്കുന്നതിന്റെ പേരിൽ നിന്നെ ഞാൻ മറന്നുപോയെങ്കിലോ "? എന്ന് കണ്ണു തുറക്കാതെ അയാൾ പറഞ്ഞത് കേട്ടിട്ടും ഭാവവ്യത്യാസങ്ങൾ ഇല്ലാതെ നിശബ്ദയായി അവൾ അയാളുടെ ചുരുണ്ടു തിങ്ങിയ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ടേയിരുന്നു. അവളുടെ കണ്ണിലെ നിസംഗതയിൽ ആരാധിച്ചാലും ഇല്ലെങ്കിലും അയാൾ അവളെ മറക്കും എന്ന വിശ്വാസം നിറഞ്ഞിരുന്നതു പോലെ തോന്നി. പക്ഷേ അയാളെ സ്നേഹിക്കുന്നത് നിർത്താൻ അവൾക്ക് അറിയുമായിരുന്നില്ലല്ലോ.

സ്വപ്നനഗരത്തിൽ ട്രെയിനിറങ്ങുമ്പോൾ നേരം നന്നെ ഇരുട്ടിയിരുന്നു. ചുരുണ്ട മുടിയിഴകൾ അയാളുടെ നെറ്റിയിലേക്ക് അലസമായി ചാഞ്ഞു കിടന്നു. ഏതാനും ദിവസങ്ങൾ കൊണ്ടു തന്നെ നഗരത്തിലെ പ്രധാന സിനിമാ കമ്പനികളുടെ വാതിലുകൾ അയാളുടെ പാതിയടഞ്ഞ കണ്ണുകൾക്കു മുന്നിൽ മലർക്കെ തുറന്നു. ഗംഗയുടെ പടവുകളും ആലിന്റെ തണലും രബീന്ദ്ര സംഗീതവും അയാളുടെ പേനയ്ക്ക് വിരുന്നൊരുക്കി. ആ വരികൾ ബോളിവുഡിനും രാജ്യത്തെ നിരാശാ കാമുകന്മാർക്കും ആഘോഷമായി. പലപ്പോഴും നഗരത്തിന്റെ ആഘോഷരാവുകളുടെ കേന്ദ്ര ബിന്ദു അയാളായി. അയാൾ ആഘോഷങ്ങളിൽ നിറയുകയായിരുന്നോ അതോ ആഘോഷങ്ങൾ അയാളിലേക്ക് ചുരുങ്ങുകയായിരുന്നോ? നിശ്ചയമില്ല. 

ഇതിനിടയിലെപ്പോഴോ ആരാധനയൊന്നും കൂടാതെ തന്നെ അയാൾ സുധാംശുവിനെ മറന്നിരുന്നു. തുടുത്ത കവിൾത്തടം ചീർത്തു. നെറ്റിയിൽ വീണുകിടന്ന ചുരുൾ മുടി ഇപ്പോഴില്ല. ഇപ്പോൾ അയാളുടെ വരികളിലല്ല, സിരകളിലാണ് ലഹരി. ബോധാബോധങ്ങൾക്കിടയിൽ എപ്പോഴോ അയാൾ പാടി " തോമാർ പൂജാർ ഛൊലേ തൊമായ് ഭൂലേ താക്കി "... പൊട്ടിക്കരഞ്ഞു കൊണ്ട് അയാൾ ആ പഴയ പത്രത്താളുകളുടെയും പഴയ തോൾസഞ്ചിയുടെയും മുകളിലേക്ക് വീണു. അയാളുടെ പാതിയടഞ്ഞ കണ്ണുകൾ അപ്പോൾ പൂർണ്ണമായും അടഞ്ഞിരുന്നു.

രണ്ടു ദിവസങ്ങൾക്കു ശേഷം കണ്ണുകൾ തുറന്നത് നാനാവതി ഹോസ്പിറ്റലിന്റെ ശീതീകരിച്ച മുറിയിലായിരുന്നു. വൈകുന്നേരങ്ങളിൽ അയാൾക്കു പതിവായി റമ്മും കോളയും വങ്ങി വരുന്ന പയ്യനാണ് പിറ്റേന്ന് മുഖം കോടി, ബോധം കെട്ടു കിടക്കുന്ന അവസ്ഥയിൽ ആദ്യം കണ്ടതത്രെ. അവൻ വിളിച്ചു വരുത്തിയ പഴയ ആഘോഷ സംഘമാണ് ആശുപത്രിയിൽ എത്തിച്ചതും പണം കൊടുത്തതും. പഴയ തോൾസഞ്ചിയിൽ നിന്നും കണ്ടെടുത്ത ഏതോ കത്തിലെ വിവരം വച്ച് വാരാണസിയിൽ എത്തിച്ചതും അവർ തന്നെയാണ്. ഇനി ഒരു തിരിച്ചു വരവ് സാധ്യമാകാത്ത വിധം പലതും തകർന്നു പോയിരിക്കുന്നു. ശരീരവും സമ്പാദ്യവും മനസും ഓർമ്മയും ഒക്കെ. എങ്കിലും മനസിൽ ഒരാഗ്രഹം. സുധാംശുവിനെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ .. 

പഴയ വീടിരുന്ന സ്ഥലത്ത് ഇപ്പോൾ നമാമി ഗംഗാ പ്രോജക്റ്റിന്റെ ഓഫീസ് മന്ദിരമാണ്. സ്ഥലം സർക്കാർ ഏറ്റെടുത്തു പോലും. അങ്ങനെയാണ് അവർ ഗോദൂലിയയിലെ മുക്തിഭവനിലേക്ക് ഘോഷിനെ എത്തിച്ചത്. എന്തായാലും അധികം കാലം ഇനിയില്ല. ബാക്കി കാലം മുക്തിഭവൻകാർ നോക്കും. കർമ്മികളായ പണ്ഡകളെയും ശ്മശാനത്തിന്റെ നടത്തിപ്പുകാരായ ദോമുകളെയും കണ്ട് പണം കെട്ടിയാൽ ബാക്കി കാര്യങ്ങൾ അവരും നോക്കിക്കൊള്ളും. ഇനി അവശേഷിക്കുന്ന ഒരേയൊരു യാത്ര മണികർണ്ണികാഘട്ടിലേക്കാണ്. മുക്തിഭവനു പുറത്ത് മറ്റാർക്കോ കൂടി മോക്ഷം ലഭിച്ചതിന്റെ ശബ്ദഘോഷങ്ങൾ. തെളിമ കുറഞ്ഞ ഓർമ്മകളിൽ എവിടെയോ ഒരു മർഫി റേഡിയോ പാടുന്നു. " തോമാർ പൂജാർ ഛൊലേ തൊമായ് ഭൂലേ താക്കി..." പടവുകളൊന്നിലെ ആൽമരത്തിന്റെ ചില്ലകൾ ഉലച്ച് മുറിയുടെ ജനാലയും കടന്നുവന്ന് അയാളുടെ കൺകോണിൽ ഊറിയ നീർത്തുള്ളിയിൽ ചുംബിച്ച  ഗംഗയിലെ കാറ്റിൽ സുധാംശുവിന്റെ ചിതാഭസ്മ ധൂളികളും അലിഞ്ഞിരുന്നു.


Sunday, November 24, 2024

ചാഴിച്ചുറ്റ്

 


                             ചാഴിച്ചുറ്റ്

വിനോദേട്ടൻ മരിച്ചത്രേ. ഏറിയാൽ നാൽപ്പത് നാൽപ്പത്തിരണ്ടു വയസ്സേ വരൂ. നാട്ടിലെയും അമ്പലത്തിലെയും എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിൽക്കുന്ന ആളാണ്. നല്ല നടനും പാട്ടുകാരനുമാണ്. ഏതു രാത്രിയിലും ഇറങ്ങി നടക്കാൻ പേടിയില്ല. പോസ്റ്റാഫീസിനടുത്തുള്ള തോട്ടിൽ വീണാണത്രേ മരിച്ചത്. രാത്രി ഒറ്റയ്ക്കു വരുമ്പോൾ കണ്ണുകെട്ടി  ചാഴിചുറ്റിച്ചതാണെന്ന് ശക്തൻ ബേബിച്ചൻ പറയുന്നു. എന്തായാലും കഷ്ടമായിപ്പോയി. കത്തിത്തീർന്ന ബീഡിയുടെ അവസാനത്തെ പുക വലിച്ചിരുത്തി കുറ്റിയും വലിച്ചെറിഞ്ഞ് ഒന്നു ചുമച്ചിട്ട് തലയിൽ കെട്ടിയ തോർത്ത് വലിച്ചു കുടഞ്ഞ് ബേബിച്ചൻ പട്ടടയുടെ അടുത്തേക്ക് നടന്നു. ഉണ്ണി എന്തൊക്കെയോ ചിന്തിച്ചു കയ്യാലയിൽ ഇരിപ്പു തുടർന്നു. 

അമ്പലത്തിലെ ചിറപ്പും ലേലവും ആണ്. ദീപാരാധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന പ്രസന്നയുടെയും ഓമനയുടെയും ശ്യാമളയുടെയും കൂടെയാണ് അമ്മയും ഉണ്ണിയും മടങ്ങിയത്. കൂടെയുണ്ടായിരുന്ന  ആണുങ്ങൾ എല്ലാവരും ഉത്പന്ന ലേലം കഴിഞ്ഞേ വരൂ. അവർ  ലേലം പിടിച്ച  ചേനയും കപ്പയും കോഴിയും ഒക്കെ ചുമലിലേറ്റി ആറു കടന്ന് തേലമണ്ണിപ്പടിക്കൽ വന്നു നിൽക്കും. അപ്പോഴേക്കും പെണ്ണുങ്ങളും കുട്ടികളും ടൗൺ ചുറ്റി അവിടെയെത്തി ആണുങ്ങളോടൊപ്പം വീടുകളിലേക്കു പോകും. വാര്യവീട്ടിലെ പടി കഴിഞ്ഞ് പന്നിക്കമണ്ണിലെ പടി വരെ റോഡ് വിജനമാണ്. വഴിയരികിലെ രണ്ടു കൂറ്റൻ പാലമരങ്ങൾ പൂത്തതിന്റെ മണം ആ പ്രദേശത്തെല്ലാം നിറഞ്ഞിരിക്കുന്നു. ഉദിച്ചുയർന്ന നിലാവ് മങ്ങുന്നതിനു മുമ്പ് ടൗണിലെത്തണം. നിലാവല്ലാതെ ആ വഴിയിൽ വെളിച്ചമായി ഉള്ളത് അവിടവിടെ മിന്നി നിൽക്കുന്ന അറുപത് വാട്ട് ബൾബുകൾ തങ്ങളെ താങ്ങുന്ന  പോസ്റ്റുകൾക്കു ചുവട്ടിൽ വരയ്ക്കുന്ന മഞ്ഞ വെളിച്ചത്തിന്റെ വ്യക്തതയില്ലാത്ത വൃത്തങ്ങൾ മാത്രം.  പെണ്ണുങ്ങൾ വലിഞ്ഞു നടന്നു. ആററിനിക്കരെ താമസിക്കുന്നവർ തങ്ങളുടെ വീടുകളിലേക്കുള്ള ഇടവഴികൾ തിരിയുന്നു. മാഞ്ചോട്ടിലെ ലിക്കർ ഷോപ്പിൽ ആരോ പാടുന്നു. പാലപ്പൂവിന്റെ മണവും ധനുമാസ രാവിന്റെ കുളിരും ആസ്വദിച്ചു നടക്കുന്നതിനിടെ നടപ്പിന്റെ വേഗം ഇത്തിരി കുറഞ്ഞു. അമ്മയും അയലത്തുള്ള ചേച്ചിമാരും അല്പം മുന്നിലാണ്. അവർക്കൊപ്പം പിടിക്കാൻ ആഞ്ഞു നടന്നു. പലകമെട കൊണ്ട് ഭിത്തി തീർത്ത പാർട്ടി ഓഫീസിനടുത്തു വെച്ച് അമ്മയുടെ സാരിത്തുമ്പിൽ തൂങ്ങി. അല്പസമയം കാണാഞ്ഞതിന് കണക്കിനു കിട്ടി. എങ്കിൽ ഇവരേക്കാൾ മുമ്പ് വീട്ടിലെത്തിയിട്ടു തന്നെ കാര്യം. നടത്തത്തിന് അല്പം  കൂടി വേഗം കൂട്ടി. 

ചന്തയിലേക്ക് തിരിയുന്ന വഴിയിൽ വെളുത്ത കുരിശടിയുടെ അടുത്തു വെച്ച് അഞ്ജലി ടെക്സ്റ്റൈൽ നടത്തുന്ന  വാര്യരമ്മാവൻ തടഞ്ഞു നിർത്തി. എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ വീട്ടിൽ പോകുന്നു എന്ന് മറുപടി നൽകി. “വെട്ടത്തിന് ഒന്നും കൈയ്യിൽ ഇല്ലാതെ ഒറ്റയ്ക്കു പോകണ്ട. ഞാൻ കൊണ്ടു വിടാം”. എന്നും പറഞ്ഞു വാര്യരമ്മാവൻ ടോർച്ചുമായി മുന്നിൽ നടന്നു. അമ്പലത്തിൽ പോയതും ചെണ്ടമേളം കേട്ടതും വെടിയുടെ ശബ്ദം കേട്ട് പേടിച്ചതും വരുന്ന വഴിയിൽ അമ്മയോട് പിണങ്ങി മുമ്പേ നടന്നതും ഒക്കെ പറഞ്ഞു നടന്നു. വാര്യരമ്മാവൻ വാടകയ്ക്ക് താമസിക്കുന്ന വീടും കടന്നു  പണിക്കമുറിക്കാരുടെ വീടിനടുത്ത് എത്തി. ഇനി അവരുടെ മുറ്റം കടന്ന് ഒരു ഇടവഴി കയറിയാൽ വീട്ടിലെത്തും. തിരിഞ്ഞു നോക്കുമ്പോഴേക്ക്  വാര്യരമ്മാവൻ പോയി. ഒററയോട്ടത്തിന് വീട്ടിലെത്തി. അമ്മയേക്കാൾ മുമ്പ് വീട്ടിലെത്തി എന്ന സന്തോഷത്തോടെ ഇറയത്തേക്ക് കയറിയതും അമ്മ ദാ വാതിൽക്കൽ നിൽക്കുന്നു. കൈയ്യോടെ ഒരടി കിട്ടി. “പോയി കിടന്നുറങ്ങ്” എന്ന് പറഞ്ഞ് എല്ലാവരും വീട്ടിൽ കയറി കതകടച്ചു. എന്തിനാണ് തല്ലിയതെന്നോ അമ്മ എങ്ങനെ നേരത്തേ വീട്ടിൽ എത്തിയെന്നോ ഉണ്ണിക്ക് മനസിലായില്ല. ആ അമ്പരപ്പിൽ തല്ലിൻറെ വേദന അറിഞ്ഞില്ല. അമ്മ എങ്ങനെ നേരത്തേ വീട്ടിൽ എത്തിയെന്ന് ആലോചിച്ചു കിടന്നുറങ്ങി.

അച്ഛന് ഇന്ന് അവധിയാണ്. ഇന്ന് ആറ്റിലാണ് കുളി. അച്ഛൻറെ കൈയ്യിൽ തൂങ്ങിയാണ് പോക്ക്. സ്കൂളിലെ കളിക്കിടെ വീണു തൊലി പോയ ഭാഗം പൊറ്റ പിടിച്ചു നിൽക്കുന്നു. അമ്മയുടെ കൂടെ  ആറ്റിലിറങ്ങിയാൽ മീനുകൾ കൊത്തിപ്പറിക്കും. അച്ഛൻറെ കൂടെ പോയാൽ നീന്തൽ പഠിപ്പിക്കും. അപ്പോൾ മീനുകൾ കൊത്തില്ല. രണ്ടു പറമ്പുകൾ കടന്നെങ്കിലേ ആറ്റിലെത്തൂ. നടത്തത്തിനിടെ അച്ഛൻ ചോദിച്ചു “ നിന്നെ ഇന്നലെ രാത്രി ആരാണ് കൊണ്ടു വിട്ടത്?” വാര്യരമ്മാവൻ ആണെന്ന് പറഞ്ഞപ്പോൾ അച്ഛൻ ഒന്ന് ചിരിച്ചു. വാര്യർ കടയും വിറ്റ് ഹരിപ്പാട് സ്വന്തം വീട്ടിലേക്ക് പോയിട്ട് മൂന്നു മാസം ആയി പോലും. ഒന്നും മിണ്ടാതെ നടന്നു.

“എടാ ഉണ്ണീ ഇപ്പോ എടുക്കും വാ”. വർഷങ്ങൾക്കു മുമ്പുള്ള ആ ധനുമാസ ഓർമ്മകൾക്ക് വിരാമമിട്ട്  സുരച്ചേട്ടനാണ്. വിനോദേട്ടനെ അവസാനമായി ഒന്നുകൂടി കണ്ടു തിരികെ നടക്കുമ്പോൾ വർഷങ്ങൾക്കിപ്പുറവും ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങൾ മനസിൽ വീണ്ടും വീണ്ടും ഉയർന്നു. പാല പൂത്ത ആ രാത്രിയിൽ അമ്മയെങ്ങനെ നേരത്തെ വീട്ടിലെത്തി? വാര്യരമ്മാവനായി വന്ന് വെളിച്ചം കാണിച്ചു വീട്ടിലെത്തിച്ചത് ആരാണ്? ആ രാത്രിയിൽ തനിക്ക് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?..

*കഥയുടെ പേര് സംബന്ധിച്ച്. 

ഒരുപാട് സങ്കീർണ്ണമാണ് മനുഷ്യൻറെ മനസ്. പറഞ്ഞു കേട്ട കഥകളും ചില വിശ്വാസങ്ങളും ചിലപ്പോൾ ചില അബദ്ധങ്ങളിലും അപകടങ്ങളിലും കൊണ്ടെത്തിക്കും. അസമയങ്ങളിൽ ഇത്തരം ചില ചിന്തകളിൽ പെട്ട് സ്ഥലകാല ബോധം നഷ്ടപ്പെട്ടു ചുറ്റിത്തിരിയുന്ന അവസ്ഥയ്ക്ക് ചാഴിചുറ്റിക്കുക അല്ലെങ്കിൽ കണ്ണുകെട്ടുക എന്നൊക്കെ വിവിധ ദേശങ്ങളിൽ പറയാറുണ്ട്. അപമൃത്യു സംഭവിച്ചവരുടെ അലയുന്ന ആത്മാക്കൾ ചെയ്യുന്ന വേലയാണെന്ന് വിശ്വാസം.


Sunday, August 8, 2021

നീല നിറമുള്ള പാമ്പുകൾ


പതിനഞ്ച് - ഇരുപത് കൊല്ലം മുമ്പു വരെ ഇരുപ്പൂ കൃഷി നടന്നിരുന്ന പൂച്ചവാലുങ്കൽ പാടത്ത് ഇപ്പോൾ സൂര്യകാന്തിയും ചോളവും നിറഞ്ഞു നിറം പകരുന്നു. തരിശുകിടന്ന പാടത്ത് രണ്ടു വർഷം മുമ്പാണ് പ്രസിഡന്റ് കുറുപ്പുചേട്ടനും കുറെ പിള്ളേരും പെണ്ണുങ്ങളും കൂടി കൃഷി തുടങ്ങിയത്. മഞ്ഞക്കടലിന്റെ അതിരു പോലെ അങ്ങു വടക്കു മാറി തീരദേശ പാതയിൽ ആലപ്പുഴയിൽ നിന്നും തുടങ്ങി ചങ്ങനാശേരി - കറുകച്ചാൽ വഴി മലയോര ഹൈവേയിലേക്കുള്ള പുതിയ റോഡ്. ആ റോഡ് വന്നപ്പോഴേക്കും മുത്തശ്ശിക്കഥകളിൽ നിറഞ്ഞു നിന്നിരുന്ന ഉമിക്കുന്നു മലയും മലയിലെ നീലക്കൊടുവേലി വളരുന്ന കിണറും ഇല്ലാതെയായി. കൊറോണയുടെ വാർഷിക തരംഗങ്ങളും പിള്ളേരുടെ പഠിത്തവും കാരണം വർഷം നാലായി നാട്ടിലേക്ക് വന്നിട്ട്. ഇനി ഒരു മടക്കമില്ല. അമ്മുവും നന്ദുവും ഇനി നാട്ടിലാണ് പഠിക്കുക. ഡ്രൈവിങ്ങിൽ മുഴുകിയിരിക്കുന്ന അബിയെ ഒന്നു കൂടി നോക്കിയിട്ട് സീറ്റിലേക്കു ചാഞ്ഞ്. "പത്തു പന്ത്രണ്ടു കൊല്ലം കൊണ്ട് നാടിനു വന്ന ഒരു വ്യത്യാസമേ..." എന്നു മനസിൽ പറഞ്ഞു കൊണ്ട് കണ്ണടച്ചു. പതിനഞ്ചു മിനിറ്റു കൂടി മതി വീട്ടിലെത്താൻ. എങ്കിലും ...

പിള്ളേരുടെ ഒപ്പം ജ്യോതിയെയും നേരത്തെ വിട്ടതു നന്നായി. ബാക്കി കിടന്ന സാധനങ്ങളും പാക്ക് ചെയ്തു ഫ്ലാറ്റ് ഒഴിഞ്ഞു കൊടുക്കാൻ ഒരു മാസത്തിലധികം വേണ്ടി വന്നു. അപ്പോഴേക്കും പിള്ളേരുടെ അഡ്മിഷൻ അവള് ശരിയാക്കി.  പ്രവാസത്തിനു ശേഷം നാട്ടിലെത്തിയുള്ള ജീവിതം ഒരർത്ഥത്തിൽ പുനർജന്മമാണ്. ഓരോന്നോരോന്നായി ആദ്യം മുതൽ തുടങ്ങണം. കുളിയും അത്താഴവും കഴിഞ്ഞ് വാട്സ് അപ്പും നോക്കിയിരുന്നപ്പോഴാണ് മക്കളുടെ കുശലാന്വേഷണം. വന്ന വഴി കണ്ട കാര്യങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് പറയുന്നതു കേട്ട് ജ്യോതിയും അടുത്തു വന്നിരുന്നു. ഉമിക്കുന്നു മലയുടെ കഥ പറഞ്ഞു തുടങ്ങിയപ്പോൾ ജ്യോതി പോയിക്കിടന്നു. അവളുടെ വീടിനടുത്തുള്ള ഉമിക്കുന്നു മലയുടെ എന്തു കഥയാണ് അവൾക്ക് അറിയാത്തതായുള്ളത്? ഒരു ചെറിയ ഇടവേള വന്നപ്പോൾ പിള്ളേരുടെ സ്നേഹ പ്രകടനം കുറച്ചു പരുക്കനായി. ഒന്നൊതുക്കാനായി ഉമിക്കുന്നു മലയുടെ കഥ ഞാൻ പറഞ്ഞു തുടങ്ങി. ഏതാണ്ട് നാല്പതു കൊല്ലം മുമ്പ് എന്റെ അമ്മൂമ്മ പറഞ്ഞ കഥ.


                                                                       ഉമിക്കുന്നു മലയുടെ മുകളിൽ ആണത്രേ വനവാസകാലത്ത് അർജ്ജുനൻ ഒരു കിണർ കുത്തിയത്. ആയിരം അരഞ്ഞാണങ്ങളുളള ആ കിണറിന്റെ അടിയിൽ നീലക്കൊടുവേലിയും ഉണ്ടത്രേ. നീലക്കൊടുവേലിയുടെ കീഴിലുള്ളത് എന്തായാലും അത് ഇരട്ടിക്കും. അതിലെ വറ്റാത്ത ഉറവ ഉള്ളതുകൊണ്ടാണ് ആ മലയുടെ ചുവട്ടിൽ നിന്നും തുടങ്ങി കുന്നന്താനം പഞ്ചായത്ത് മുഴുവൻ പരന്നുകിടക്കുന്ന പാടത്ത് വെള്ളം വറ്റി തരിശാകാത്തത്. ആ നീലക്കൊടുവേലി കൈക്കലാക്കി സ്വന്തം പണപ്പെട്ടിയിൽ വെക്കാൻ ആഗ്രഹിക്കാത്ത ഒരാളുപോലും ഇല്ല. " അച്ഛൻ വെറുതെ പറയുന്നതാ. അങ്ങനെ ഒരു ബ്ലൂ സാധനം ഉണ്ടെങ്കി അത് അച്ഛന്റെ കൈയ്യിൽ കാണുമല്ലോ. " നന്ദുവാണ്. അവന്റെ അച്ഛന് കഴിയാത്ത ഒന്നുമില്ലെന്നാണ് അവന്റെ വിശ്വാസം. പന്ത്രണ്ടു വയസു വരെ എല്ലാ ആമ്പിള്ളേർക്കും ഹീറോ   അച്ഛനാണല്ലോ. അവർ ഉഴപ്പാതിരിക്കാൻ ഞാൻ കഥ തുടർന്നു. നമ്മൾ തിരുവനന്തപുരത്തു കണ്ട രാജാകേശവദാസും കൊട്ടാരവും കോന്നിയിലെ ആനക്കൂടും ഒക്കെ അവിടെ ഉണ്ടെന്ന് എന്നോടു പറഞ്ഞ അമ്മൂമ്മ തന്നെയാ കിണറിനടിയിൽ നീലക്കൊടുവേലി ഉണ്ടെന്നും പറഞ്ഞത്. അതുകൊണ്ട് അതും ഉള്ളതു തന്നെ. പക്ഷേ അത് അത്ര എളുപ്പം എടുക്കാൻ കഴിയില്ല. അമ്മൂമ്മക്ക് അറിയാത്തതായി ഒന്നുമില്ല. പ്രവർത്ത്യാരെ വരെ വരച്ചവരയിൽ നിർത്തിയ ആളാ അമ്മൂമ്മ . അറിയാമോ? ആരാ പ്രവർത്താര് എന്ന ചോദ്യം വരുന്നതിനു മുമ്പ് ഞാൻ വെള്ളം കുടിക്കാൻ എന്ന പോലെ അടുക്കള വരെ ചെന്നു കുറെ നേരം നിന്നു.


വഴക്കിൽ കിടന്ന വസ്തു ഭാഗം ചെയ്യാനാണ് പാർവത്യാരും കഥകളി നടൻ കൂടിയായ ഹരിപ്പാട് രാമകൃഷ്ണനും ഉൾപ്പടെ ഒരു സംഘം ഉദ്യോഗസ്ഥർ പള്ളിപ്പാട്ടെ അമ്മുക്കുട്ടിയമ്മയുടെ വീട്ടിലെത്തിയത്. അമ്മയുടെ മരണ ശേഷം മൂന്ന് ആങ്ങളമാരെയും വളർത്തിയ അമ്മുക്കുട്ടിയമ്മക്ക് അത്യാവശ്യം നിയമപരിജ്ഞാനവും നല്ല തന്റേടവും ഉണ്ടായിരുന്നു. അളവിൽ കുറവു കണ്ട് ഇത്ര സെന്റു കൂടി തനിക്ക് അവകാശപ്പെട്ടതാണെന്നു പറഞ്ഞ അമ്മുക്കുട്ടിയമ്മയോട് നീ സെന്റു കുപ്പിലേ പെടുക്കുവൊള്ളോന്ന് പാർവത്യാര് ചോദിച്ചു പോലും. ദിവാൻ പേഷ്കാരായാലും പെണ്ണുങ്ങളോട് മര്യാദക്ക് പെരുമാറണമെന്ന് നിർബന്ധമുള്ള അമ്മുക്കുട്ടിയമ്മ ഞാനിന്നു സെന്റു കുപ്പിലേ പെടുക്കുന്നൊള്ളൂ എന്നു പറഞ്ഞ് അടിച്ചുറപ്പിച്ച കുറ്റിയിൽ നിന്ന് അളവു പിടിച്ചു ഭാഗം നടത്തിയതിനു ശേഷമാണ് ആ ഉദ്യോഗസ്ഥ സംഘത്തിന് തിരിച്ചു പോകാൻ കഴിഞ്ഞത്. ആ അമ്മൂമ്മയെ കുറിച്ച് ഓർത്തുകൊണ്ടാണ് തിരികെ കട്ടിലിൽ വന്ന് ഇരുന്നത്. നന്ദു ഉറങ്ങിയിരിക്കുന്നു. അമ്മു എന്റെ അമ്മയുടെ അടുത്തു പോയി കിടന്നു. നന്ദുവിന്റെ അടുത്ത ചോദ്യം എന്റെ മനസിൽ  വന്നു.  "അച്ഛാ , അതെങ്ങനാ എടുക്കുന്നേ ആ ബ്ലൂ സാധനം " ? 

വണ്ടി ഗുണ്ടൽപേട്ടയിൽ നിന്നും മുന്നോട്ട് കുറേ ദൂരം ഓടി. കണ്ണെത്താത്ത ദൂരത്തിൽ ചോളവും സൂര്യകാന്തിപ്പാടങ്ങളും. അസ്തമിക്കുന്ന സൂര്യന്റെ കലാവിരുതു കൂടി ആയപ്പോൾ നല്ല ഒരു ഫ്രെയിം. തണുത്ത കാറ്റും വീശുന്നു. അബി വണ്ടി നിർത്തി. ഞങ്ങൾ പുറത്തിറങ്ങി. അടുത്തു കണ്ട ചെറിയ പുല്ലുമേഞ്ഞുതകരമടിച്ച കടയിൽ നിന്ന് ഏതോ ഒരു കന്നഡ പാട്ട് . മിക്ചറുകളുടെയും കൊണ്ടാട്ടങ്ങളുടെയും മാലകൾക്കു പിറകിൽ നിന്ന് ചൂടു ചായയുടെയും ബജിയുടെയും മണം. ഞങ്ങൾ ചായ കുടിച്ചു. ഒരു ബോട്ടിൽ വെള്ളം വാങ്ങി. ചോളപ്പാടങ്ങളുടെയും സൂര്യകാന്തികളുടെയും ഇടയിൽ നിന്ന് കുറച്ചു ഫോട്ടോ എടുത്തു. ഉടനെ വന്നേക്കാമെന്നു പറഞ്ഞ് അബിയെ വിട്ടിട്ട് അവിടെ പണി ചെയ്യുന്ന ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും വിളവെടുപ്പു കഴിഞ്ഞ പാടത്ത് മേയുന്ന ആടുകളുടെയും ഒക്കെ ഫോട്ടോ എടുത്തെടുത്ത് നടന്നു. എടുത്ത ചിത്രങ്ങൾ കണ്ടു കണ്ട് പതിയെ ആ വഴി മുന്നോട്ടു നടന്നു. ദാഹം തോന്നിയപ്പോഴാണ് വെള്ളക്കുപ്പി അബിയുടെ കൈയ്യിൽ ആണല്ലോ എന്ന് ഓർത്തത്. ക്യാമറയുടെ ഡിസ്പ്ലേയിൽ  നിന്നും മുഖമുയർത്തി.


                               നടന്നു നടന്ന് എവിടെയോ എത്തിയിരിക്കുന്നു. അബിയും വണ്ടിയും പാടങ്ങളും ഒക്കെ കടന്ന് ഞാനിതെവിടെയാണ്? വല്ലാതെ ദാഹിക്കുന്നുമുണ്ട്. ചുറ്റും നോക്കി. ആശ്വാസമായി. ഒരു കിണർ. മരത്തിന്റെ കപ്പിയും ഒരറ്റത്ത് കവുങ്ങിൻപാള കെട്ടിയ കയറും ഉണ്ട്. പാടത്തെ പണിക്കാരും ആടിനെ മേയ്ക്കാൻ വരുന്നവരും വെള്ളമെടുക്കുന്ന കിണറാണെന്നു തോന്നുന്നു. ഏതായാലും കുറച്ചു വെള്ളം കുടിച്ചിട്ട് ചോളപ്പാടം തിരയാം. കയറെടുത്ത് കപ്പിയിൽ കൊരുത്ത് കിണറ്റിലേക്ക് ഇറക്കി. അല്പം നീളക്കുറവുണ്ട് കയറിന്. ഓഹോ... അപ്പോൾ അതുകൊണ്ടാണ് കയർ കപ്പിയിൽ നിന്ന് ഊരി വെച്ചിരുന്നത്. ശരി. ഞാനും അങ്ങനെ തന്നെ ചെയ്തു കളയാം. കയർ കപ്പിയിൽ നിന്നും ഊരി. ആൾമറയുണ്ട്. അതിലേക്കു കമിഴ്ന്നു കിടന്ന് കയറിട്ടു നോക്കി. പാളകൃത്യം വെള്ളത്തിന്റെ ഉപരിതലത്തിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് നിൽക്കുന്നത്. തുടിച്ചു കോരണമെങ്കിൽ ഇനിയും അല്പം നീളംകൂടി വേണം. ദാഹം സഹിക്കാൻ കഴിയുന്നില്ല. സൂക്ഷിച്ചു നോക്കിയപ്പോൾ കിണറിന് അരഞ്ഞാണമുണ്ട്. അതിലേക്കിറങ്ങിയാൽ പണി നടക്കും. ഇറങ്ങുക തന്നെ. കയർ കടിച്ചു പിടിച്ച് കൈ കൊണ്ട് ആൾമറയിൽ പിടിച്ച് താഴേക്കിറങ്ങാം. ഒരു വശത്തു വളർന്ന നിക്കുന്ന വേരിൽ മുറുകെ പിടിക്കാം. അതിൽ പിടിച്ചു കൊണ്ട്  പാള നിറയ്ക്കാം..എന്നിട്ട് പഴയതു പോലെ കയർ കടിച്ചു പിടിച്ച് ആൾമറയിൽ  പിടിച്ചു കയറി പുറത്തുകടക്കാം. തീരുമാനിച്ചാൽ പിന്നെ മുന്നോട്ടു തന്നെ. താഴേക്കിറങ്ങി. ഒരു ദീർഘശ്വാസം എടുക്കാനുള്ള തത്രപ്പാടിനിടെ പണി പാളി. പാളയും കയറും കിണറ്റിലേക്കു വീണു. ഇനിയെന്താ ഒരു വഴി? താഴേക്ക് വേരുകൾ ഉണ്ട്. എല്ലാം നല്ല ഉറപ്പുള്ള വേരുകൾ. അവയിൽ പിടിച്ച് താഴേക്കിറങ്ങാം. വെള്ളം കുടിക്കാനുള്ള വാശി ദാഹത്തെ മറി കടന്നു. കിണറ്റിൽ ചാടിയാലും വേണ്ടില്ല വെള്ളം കുടിച്ചിട്ടു തന്നെ കാര്യം. നിലാവ് തെളിഞ്ഞിരിക്കുന്നു. കിണറിന് അടി വരെ കാണാം. പണ്ട് കഴുക്കോലെത്താത്ത പാറക്കടവിൽ  തലകുത്തിമറിഞ്ഞിട്ടുള്ള നമ്മക്കിത് നിസ്സാരം. താഴെ വരെ വേരുകൾ നീണ്ടു നിൽപ്പുണ്ട് പിടിച്ചു കയറാനും ബുദ്ധിമുട്ട് ഉണ്ടാകില്ല.   താഴേക്ക് എടുത്തു ചാടി. 


                                       അരിച്ചിറങ്ങുന നിലാവിൽ നിന്ന് അമൃത് സ്വന്തമാക്കുന്ന ചെടിയാണ് നീലക്കൊടുവേലി. അമൃത് കിട്ടുന്ന സമയം അത് ഇന്ദ്രനീലക്കല്ലു പോലെ തിളങ്ങും. ദേവേന്ദ്രൻ വൃത്രാസുരനെ കൊന്നപ്പോൾ ഭൂമിയിൽ വീണ ശരീരഭാഗങ്ങളാണത്രേ രത്നങ്ങളായത്. അമ്മൂമ്മ പറഞ്ഞതാണ്. താഴേക്കു നോക്കുമ്പോൾ വെള്ളം ഓളം വെട്ടുന്നു.. കാതിനരികിൽ അമ്മൂമ്മ കഥ പറയുന്നു. നീലക്കൊടുവേലി എടുക്കാൻ ഉപ്പനു മാത്രമേ കഴിയൂ. ഉപ്പന്റെ കൂട് കണ്ടുപിടിച്ച് അതിൽ നിന്ന് ഉപ്പന്റെ മുട്ട എടുക്കണം. സൂര്യനുദിക്കുന്നതിനു മുമ്പു വേണം മുട്ട എടുക്കാൻ.എന്നിട്ടത് പുഴുങ്ങി സൂര്യ പ്രകാശം കാണിക്കാതെ സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് ഉപ്പന്റെ കൂട്ടിൽ തിരിച്ചു വെക്കണം. മുട്ട വിരിയാതാകുമ്പോൾ നിലാവത്ത് ഉപ്പൻ ഉമിക്കുന്നു മലയിലെ കിണറ്റിൽ പറന്നിറങ്ങും. അതിന്റെ അരഞ്ഞാണങ്ങളിലെ വേരുകളിൽ പിടിച്ചിറങ്ങുന്നവർക്ക് നീലക്കൊടുവേലി കൈയ്യിൽ ഇല്ലാതെ തിരികെ കയറാൻ കഴിയില്ല. പിടിച്ചിറങ്ങിയ വേരുകളിൽ പിണഞ്ഞു കിടക്കുന്ന നീലനിറമുള്ള പാമ്പുകൾ നീലക്കൊടുവേലി കൈയ്യിലുള്ള വരെ ഒന്നും ചെയ്യില്ല. പിടിച്ചിറങ്ങുന്നവർക്ക് പക്ഷേ ഇറങ്ങുന്നതിന് അനുസരിച്ച് കിണറിന്റെ ആഴം കൂടി കൂടി വരും. നീലക്കൊടുവേലിയുള്ള കിണറിന്റെ ആഴം ഇരട്ടിയാകും. ഉപ്പൻ അരഞ്ഞാണങ്ങളിൽ തൊടാതെ പറന്നാണ് ഇറങ്ങുക. അങ്ങനെ പറന്നിറങ്ങി സമ്പാദിക്കുന്ന നീലക്കൊടുവേലി കൊണ്ട് രാത്രി മുഴുവൻ വീശിവീശി ആ പുഴുങ്ങിയ മുട്ടയും വിരിയിക്കും. ആ രാത്രി വെളുക്കുന്നതിനു മുമ്പ് ഉപ്പന്റെ കൂട്ടിൽ നിന്ന് കൊടുവേലി സ്വന്തമാക്കിക്കൊള്ളണം. അമ്മൂമ്മ കഥ നിർത്തി. താഴേക്ക് എത്തുന്നില്ല. വിയർക്കുന്നു. ഒരു കുഴലിലൂടെ താഴേക്ക് ഭാരമില്ലാതെ പോവുകയാണ്. ഇപ്പോ ശ്വാസവും കിട്ടുന്നില്ല. മുകളിൽ തൂങ്ങിയാടുന്ന വേരുകളിൽ ചുറ്റിപ്പിണഞ്ഞ് നീലനിറമുള്ള അസംഖ്യം പാമ്പുകൾ. ഒരു നിലവിളി തൊണ്ടയിൽ കുരുങ്ങി.


                 "മനുഷ്യാ നിങ്ങൾക്ക് ഡ്യൂട്ടിയില്ലേ?" ജ്യോതിയാണ്. അവൾ ഡ്യൂട്ടിക്ക് പോകാൻ ഒരുങ്ങിക്കഴിഞ്ഞു. പിള്ളേരു രണ്ടും ഓൺലൈൻ ക്ലാസിലാണ്. കൊറോണ കഴിയുന്നതു വരെ അതു തന്നെ സ്കൂൾ. എണീറ്റു ബാത്ത് റൂമിലേക്ക് നടന്നു. യൂറോപ്യൻ ക്ലോസറ്റിലിരുന്ന് ഫേസ്ബുക്ക് പോസ്റ്റുകൾ സ്ക്രോൾ ചെയ്യുന്നതിനിടയിൽ ആലപ്പുഴയിലെ ഏതോ റിസോർട്ട് ഗ്രൂപ്പ് ഉമിക്കുന്നു മല ഇടിക്കുന്നതിനെതിരെ നടക്കുന്ന സമരത്തെ കുറിച്ച് രവി സാറും സുബിൻ ചേട്ടനും ഒക്കെ എഴുതിയ പോസ്റ്റുകൾ കണ്ടു. നീലക്കൊടുവേലി വളരുന്ന കിണറുകൾ ഉൾപ്പടെ മലകൾ ടിപ്പറുകളിൽ യാത്രയാകും. എറണാകുളത്തെ കുളങ്ങൾ പോലെ ആലപ്പുഴയിലെ പുഴകളും ഈ മലകൾ വീണു നികക്കും. ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ചു കരയുന്ന കുഞ്ഞുങ്ങളുടെ കാതിൽ അമ്മൂമ്മമാർ ഇനിയും നീലക്കൊടുവേലി വളരുന്ന കിണറിന്റെയും അതിലെ വറ്റാത്ത വെള്ളത്തിന്റെയും കഥ പറഞ്ഞു കൊടുക്കും. ആ പിഞ്ചു ശരീരങ്ങളിൽ ചോര വറ്റിയ ഞരമ്പുകൾ നീലനിറമുള്ള പാമ്പുകളായി ചുറ്റി വരിയും. 

                 സമർപ്പണം : ആകാശം മുട്ടുന്ന ഫ്ലാറ്റുകളുടെയും കെട്ടിടങ്ങളുടെയും കീഴിലെ ചതുപ്പിൽ വീണു നികന്ന എണ്ണമില്ലാത്ത ഉമിക്കുന്നു മലകൾക്കും മുത്തശ്ശിക്കഥ കേൾക്കാതെ ഉറങ്ങാൻ വിധിക്കപ്പെട്ട ഈ പ്രവാസ ഭൂമിയിലെ ആയിരമായിരം മക്കൾക്കും.


Thursday, September 24, 2020

പ്രച്ഛന്ന വേഷങ്ങൾ


ഇപ്പോഴല്ലേ ഉദ്യാനത്തിലേക്കു വന്നത്? അപ്പോഴേക്കും അച്ഛൻ എന്തിനാകും ഇത്ര തിടുക്കത്തിൽ വിളിപ്പിച്ചത്?മിഥിലാപുരിയിലെ രാജകീയ ഉദ്യാനത്തിൽ നിന്നും കൊട്ടാരത്തിലേക്കു നടക്കുമ്പോഴും ഒന്നും മനസിലായിരുന്നില്ല ഊർമിളക്കും മാണ്ഡവിക്കും ശ്രുതകീർത്തിക്കും. ധാത്രിമാരുടെ പുഞ്ചിരിയിലും മൂളലുകളിലും എന്തൊക്കെയോ അവർ തിരഞ്ഞു.

കുളിച്ചു കുറിക്കൂട്ടും അണിയിച്ച് സർവ്വാഭരണവിഭൂഷിതകളാക്കി ഈ നേരത്ത് ചമയിച്ചത് എന്തിനെ ന്നോർത്ത് അമ്പരന്നു ഊർമ്മിള . അമ്മയുടെ പാദം തൊട്ടു വണങ്ങി. ഒതുങ്ങി നിന്നു കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ഈ പുതുക്കങ്ങൾ എന്താണെന്ന് ചോദിക്കണമെന്ന് അവൾക്ക് ഉണ്ടായിരുന്നു. പക്ഷേ അതു വേണ്ടി വന്നില്ല. അവളുടെ നെറുകയിൽ ഒരു ചുംബനവും കണ്ണീരിന്റെ നനവും ചാലിച്ച് അമ്മ പറഞ്ഞ വാക്കുകൾ അവളുടെ ചോദിക്കാത്ത ചോദ്യത്തിനു മറുപടിയായി.

"കോസല രാജ്യത്തിന്റെ യുവറാണിയാണ് ഇനി എന്റെ മകൾ. ഇന്ദ്രനും ദേവകൾക്കും സമനായ ദശരഥ മഹാരാജാവിന്റെ പുത്രവധു. " തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യമാണ് അമ്മ പറഞ്ഞതെന്ന് അവൾക്കു മനസിലായോ എന്തോ... ഏതായാലും അവൾ വിവാഹത്തിന്റെ ആഘോഷങ്ങൾ കണ്ടിട്ടുണ്ട്, വാദ്യഘോഷങ്ങളും മേളങ്ങളും അവൾക്ക് ഇഷ്ടവുമാണ്. അമ്മയുടെ വാക്കുകളും മുഖവും തനിക്കെന്തോ വലിയ പദവി ലഭിക്കാൻ പോകുന്നു എന്ന സൂചനയും തന്നിരിക്കുന്നു. എന്തുമാകട്ടെ... മാണ്ഡവിയോടും ശ്രുതകീർത്തിയോടും ഒപ്പം അവൾ സീതയുടെ അന്തപുരത്തിലേക്ക് നടന്നു.

മിഥിലാപുരിക്ക് അന്ന് ഉത്സവമായിരുന്നു. തങ്ങളുടെ നാലു രാജകുമാരിമാർ ഒരേ രാജകുടുംബത്തിലേക്ക് വിവാഹിതകളായി പോകുന്നു. ജനകമഹാരാജാവിനെപ്പോലെ പുണ്യം ചെയ്ത ഏതു പിതാവുണ്ട് ഭൂമിയിൽ ? ആഹ്ലാദചിത്തരായ അതിഥികളും മിഥിലാപുരി വാസികളും  ആ യുവമിഥുനങ്ങളുടെ മേൽ പുഷ്പവർഷം ചൊരിഞ്ഞു യാത്രയാക്കി. ആനകളും കുതിരകളും തേരുകളും ദാസികളും പൊൻപണ്ടങ്ങൾ നിറച്ച പെട്ടികൾ ഏന്തിയ മല്ലൻമാരും അവർക്ക് അകമ്പടി സേവിച്ചു. ആ രാജവീഥിയിൽ അവരുടെ തേർച്ചക്രങ്ങളും കാലടികളും ഉയർത്തിയ പൊടി പടലം സൂര്യാസ്തമനത്തിനു മുമ്പു തന്നെ ആകാശത്തിന് അരുണവർണം പകർന്നു. 

നേരം നാലരയായെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് മൊബൈലിലെ അലാറം മുഴങ്ങി. പാതി മുറിഞ്ഞ സ്വപ്നത്തിന്റെ ബാക്കി കൂടി കാണണമെന്ന വാശി പോലെ കൺപോളകൾ തുറക്കാൻ മടിച്ചു. രാമലക്ഷ്മണൻമാർക്കും ആഘോഷങ്ങൾക്കും പകരം അച്ഛന്റെ ആശുപത്രി ബില്ലും ഭർത്താവിന്റെ പേരെഴുതിയ ജപ്തിനോട്ടീസും സ്വപ്നം കൈയ്യേറിയപ്പോൾ അരുണ കണ്ണു തുറന്നു. ഏഴുമണിക്ക് വണ്ടി വരും. അത്താഴവും ബ്രേക്ക്ഫാസ്റ്റും ഒരുക്കി വെച്ചിട്ടു വേണം ജോലിക്കു പോകാൻ. കഴിഞ്ഞ പതിന്നാലു വർഷമായി പരിചരിക്കുന്ന കുവൈറ്റി മാമയുടെ ആയുസ് നീളാൻ പ്രാർത്ഥിച്ചുകൊണ്ട് പണികൾ ഒതുക്കി കുളിച്ചൊരുങ്ങി യൂണിഫോമും ഇട്ട് വണ്ടിയുടെ സീറ്റിലേക്ക് ചാഞ്ഞ് കണ്ണടച്ചപ്പോൾ പകലുറക്കത്തിൽ പാതി കണ്ട സ്വപ്നത്തിന്റെ ബാക്കിപോലെ പതിനാറു വർഷങ്ങൾക്കു ശേഷം നടന്ന ആ ആഘോഷം അവൾ കണ്ടു. 

വനവാസം കഴിഞ്ഞു രാമ ലക്ഷ്മണൻമാരും സീതയും മടങ്ങിവന്നിരിക്കുന്നു. കോസല രാജ്യവും ലോകവും ആനന്ദിക്കുന്നു , ആഘോഷിക്കുന്നു. അതിനിടയിലൂടെ അരുണ ഊർമ്മിളയെ തിരഞ്ഞു നടന്നു. അവളുടെ മുഖമുള്ള ഊർമിളയെ..


Tuesday, June 16, 2020

ഓർമ്മച്ചിത്രങ്ങൾ

ഓർമ്മച്ചിത്രങ്ങൾ 


(എപ്പോഴോ കുറിച്ചിട്ടു. 2022ലെ കല കുവൈറ്റിന്റെ കൈത്തിരിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.)
കാടിൻ നിഴൽ പറ്റി തോടിൻ കരപറ്റി
നീളുന്ന മൺപാതയെങ്ങു പോയി ?
മുപ്പരച്ചൻ മുള്ളു കീറിയ നീറലിൽ
തൊട്ട പുൽനാമ്പുകൾ എങ്ങു പോയി ? മഞ്ഞിൻകണം മാറ്റുകൂട്ടിയ മാലയായ്
മാറിയ മാറാല കാൺമതില്ല.
പുൽച്ചാടിയും പുല്ലുമേയും പശുക്കളും
പാടവും പണ്ടേ മറഞ്ഞു പോയി.
മൂന്നു പതിറ്റാണ്ടു മുമ്പെന്റെ കാലുകൾ
ഇത്ര വേഗത്തിൽ ചലിച്ചതില്ല.
അയലത്തെ വീട്ടിൻ അടുക്കളക്കുള്ളിൽ ഞാ-
നിത്രയും അന്യനായ് മാറിയില്ല.
ലോകവും കാലവും മാറുന്ന വേഗത്തിൻ
കൂടെയെൻ ഗ്രാമവും മാറി വേഗം.
ക്ലോക്കിന്റെ സൂചിപോൽ 
ഓർമ്മ തൻ തണ്ടിൽ ഞാൻ
ചുറ്റുന്നു തീരാ പ്രദക്ഷിണമായ് .

Thursday, June 11, 2020

മഴയുടെ നിറങ്ങൾ.



ഒരു ജീവിതത്തിൽ എത്ര മഴ നാം കാണും ? കാണുന്ന മഴയിൽ എത്ര വർണ്ണം കാണും ?
കാട്ടിലും കടലിലും മരുഭൂമി തൻ മാറിലും 
പെയ്തൊഴിയും മഴ എന്തു ചൊല്ലും ?
       
എന്റെ ബാല്യത്തിന്റെ ജാലകപ്പഴുതിലൂ-
ടാദ്യമായ് ഞാൻ കണ്ട പേടി മഴ
പിന്നെയെൻ കൗമാര രാത്രിയിൽ പ്രണയമായ്
സ്വപ്നമായ് എന്നെ പുണർന്നൂ മഴ.

പ്രണയത്തിനപ്പുറം ജീവിതപ്പാതയിൽ
പല തവണ വന്നു പോയ് ശല്യം, മഴ
ഈ മഴകളെല്ലാം ഞാൻ കണ്ടതേയുള്ളൂ
അറിഞ്ഞിരുന്നില്ലതിൻ സത്യസ്വത്വം.

അച്ഛനെ കൈവിട്ട കുട്ടിയായ് മാറിയ
രാത്രിയിൽ പെയ്തെന്റെ മിഴിയിൽ മഴ
എൻ വർത്തമാനവും ഭാവിയും ഞാൻ തന്നെ
എന്നു ചൊല്ലിത്തന്ന കണ്ണീർമഴ.

പിന്നെന്റെ ജീവിതപ്പാതയിൽ വന്നെത്തി
സിരകളിൽ ലഹരിതൻ നുരയും മഴ
അല്പ സുഖത്തിനായ് ആസക്തിയേറുന്നു മുൻപിൽ പകപൂണ്ട മനസിൻമഴ.

പകതീർത്തു പ്രാണൻ പറിക്കുന്ന നേരത്തു 
കൈകളിൽ മഴ പോലെ പാപക്കറ.
തീരാത്ത മഴയിലെൻ ദേഹം നനയുന്നു
ദേഹിയിൽ പടരുന്നു ചെന്തീമഴ.

എന്നു വന്നെത്തുമെൻ നെഞ്ചിൽ പുകയുന്ന
താപം ശമിപ്പിക്കും മുക്തിമഴ...
ഞാൻ കാത്തിരിക്കുന്നു മോക്ഷമഴ ...

Friday, June 5, 2020

പ്രണയാന്തരം

എങ്ങു നിന്നോ വന്ന് ഒന്നിനോടൊന്നു ചേർ -
ന്നൊന്നായ് ഒഴുകുന്നതിന്നു മുൻപേ,
സൂര്യനും ചന്ദ്രനും താരങ്ങളും മണ്ണിൽ
ജീവനും ഉരുവായതിന്നു മുൻപേ,
ഒന്നായ് ലയിച്ചൊരേ താളമായ് രാഗമായ്
ഗാനമായ് നാമൊന്നു ചേർന്നിരുന്നു, അന്നു
സ്വർഗ്ഗവും ചേർന്നിങ്ങു നിന്നിരുന്നു.

ഏഴേഴു ജന്മത്തിനിപ്പുറം ഇന്നു നാം
വീണ്ടും ഒരുമിച്ചു ചേർന്നുവെങ്കിൽ,
ഈയങ്കണത്തിലേക്കിറ്റിറ്റു വീഴുന്ന
നീർമണി നാമായിരുന്നുവെങ്കിൽ,
ഇനിയും ഒരായിരം സംവത്സരങ്ങൾ നീ
എൻ പ്രിയനായിങ്ങു വന്നുവെങ്കിൽ, 
എന്റെയെല്ലാം നീ മാത്രമായ് മാറിയെങ്കിൽ ...

Saturday, May 30, 2020

സൗപർണിക ശാന്തമായി ഒഴുകുന്നു



കലങ്ങിമറിഞ്ഞൊഴുകുന്ന സൗപർണികയിൽ നിന്നും മുകളിലേക്ക് നീളുന്ന കൽപ്പടവുകൾ. ആകാശത്തു നിന്നും നേർത്ത നൂലുകൾ പോലെ മഴ പൊഴിഞ്ഞുകൊേണ്ടേയിരുന്നു. ഭാരമേറിയ തന്റെ ശരീരത്തെ ആ കാലുകളിൽ എങ്ങനെ താങ്ങാൻ കഴിയുന്നുവെന്ന് അല്പം ആശ്ചര്യത്തോടെ ഒരു നിമിഷം ആലോചിച്ചു. "ഓ... ഹ് ... " മൂകാംബികാ പാദത്തിൽ നിന്നും ചിന്ത സ്വന്തം പാദത്തിലേക്ക് പാളം തെറ്റിയെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് വലതുകാലിലെ പെരുവിരലിന് അടുത്ത വിരൽത്തുമ്പ് ചെമ്പരത്തി നിറമായി. ചവിട്ടടികളിൽ ചിതറി വീഴുന്ന ചുവന്ന തെച്ചിപ്പൂക്കൾ .

മൺസൂൺ ആയതു കൊണ്ട് ഇപ്പോൾ തിരക്ക് തീരെയില്ല. ആൾത്തിരക്ക് ഒഴിഞ്ഞ തെരുവുകൾ. ആർക്കും, കുടജാദ്രിയിലേക്കുള്ള ട്രിപ്പ് ജീപ്പുകൾക്കു പോലും ഇപ്പോൾ തിടുക്കമില്ല. ആൾക്കാരെ ആകർഷിക്കാനുള്ള പൂക്കാരികളുടെ ബഹളവും ഗസ്റ്റ് ഹൗസുകളിലേക്ക് ആളെ വിളിക്കുന്ന ചെക്കൻമാരുടെ ഒച്ചപ്പാടും ഇല്ലാത്ത, ആർക്കും തിടുക്കമില്ലാത്ത ഇതുപോലെ ഒരു ഓഫ് സീസണിലാണ് ആദ്യമായി ഇവിടെ വന്നത്. അല്ലെങ്കിലും ഉത്സവവും തിരക്കും ഒച്ചപ്പാടും ഉള്ളപ്പോഴൊക്കെ പ്രാർത്ഥനയും ശാന്തതയും തനിക്ക് അന്യമായിരുന്നല്ലോ. " ഒന്നിച്ചു തൊഴാൻ ഈ മനുഷ്യനെ കിട്ടിയിട്ടേയില്ല " എന്ന ഭാര്യയുടെ പതിവു പരാതിക്കും അപൂർവ്വമായി മാത്രം ഉണ്ടായ പരിഹാരങ്ങളിൽ ഒന്നും ഇവിടെ, ഇതുപോലെ ഒരു മഴക്കാലത്ത് ആയിരുന്നല്ലോ. അന്ന് രണ്ടു ദിവസം കൊണ്ട് എത്ര തവണ തൊഴുതു ? ഓർമ്മ കിട്ടുന്നില്ല. അടർന്ന നഖത്തിന്റെ വേദന ചിന്തകൾക്ക് ഒരിടവേള നല്കി. വയ്യ , അധികം നേരം ഈ വിങ്ങൽ സഹിക്കാൻ. അല്പം കൂടി നടന്നാൽ സുധാകരന്റെ വീടെത്തും. ഒരു പെട്ടിയിൽ ഒരു ആശുപത്രി കാത്തുസൂക്ഷിക്കുന്ന സുധാകരൻ. നടക്കുക തന്നെ.

നഖം അടർന്ന വിരലുകൾ വീണ്ടും വീണ്ടും കല്ലിൽ തട്ടും. സ്കൂൾ കാലത്തെ അനുഭവ പാഠം ഒരിക്കൽക്കൂടി മനസിൽ ആവർത്തിച്ചു. മഴ പെരുമഴയാകുന്നതിനു മുമ്പ് സുധാകരന്റെ വീടെത്തണം. ആഞ്ഞു നടന്നു. മഴക്ക് ശക്തി കൂടുന്നു. നഖമിളകിയ വിരൽ ഓർമ്മകളെ ഈയൽക്കൂട്ടം പോലെ ഇളക്കിവിടുകയാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ വിരലിന് അപൂർവ്വമായി മാത്രം വന്നിരുന്ന അതിഥി ആയിരുന്നല്ലോ നഖം.

മഴയുടെ തിരശീലക്കപ്പുറം കല്ലുകൾ എഴിച്ചു നിൽക്കുന്ന റോഡ്‌ . മഴ വെള്ളം ചെറു നദികളായി ഒഴുകി റോഡരികിലെ കുഴികളിൽ നിറയുന്നു. കടുപ്പം കൂടിയ ചായ പോലെ കുഴികളിൽ നിറഞ്ഞ ചെളിവെള്ളം . അതിൽ നിന്നും തലപൊക്കി നോക്കുന്ന ചെമ്പൻ തവളകൾ. കുട്ടിപ്പാവാട ഉടുത്തതു പോലെ റെയിൻ ഗാർഡ് അണിഞ്ഞ റബ്ബർ മരക്കാടുകൾ താണ്ടിയിരിക്കുന്നു. വഴിയുടെ ഇടതു വശത്ത് ഭീമാകാരന്മാരായ രണ്ട് ആഞ്ഞിലി മരങ്ങൾ. കുറച്ചു വടക്കു മാറി കാവി നിറമുള്ള പൂക്കൾ വിടർത്തി നിൽക്കുന്ന പേരറിയാത്ത ചെടികൾ . അവയുടെ മേലേക്ക് ചരിഞ്ഞു പടർന്നു നിൽക്കുന്ന കമ്പിളിനാരകം. പടിഞ്ഞാട്ടു നീങ്ങി നാലു കൽപ്പടവുകളുടെ പാെക്കത്തിൽ ജാതി മരത്തിന്റെ പശ്ചാത്തലത്തിൽ അഴിയിട്ട , ഓടുകളിൽ കാലപ്പഴക്കത്തിെന്റെ കരിമ്പച്ച പായലു പിടിച്ച നിരപ്പലകകളിൽ ഈർപ്പം പൂപ്പൽ പടർത്തിയ അറയും നിരയും ഉള്ള വീട്. ഏതോ മാന്ത്രിക നോവലിന്റെ കവർ ഇല്ലസ്ട്രേഷൻ പോലെ . ഈ വഴി.... ഈ സ്ഥലം .... വലതു വശത്ത് കൈത്തോടിനപ്പുറം കണ്ടത്തിൽ പോത്തുകളെ കെട്ടി ഉഴുന്ന ഉമ്മന്റെയും മത്താപ്പാന്റെയും കട്ടകാര വടികളുടെ മൂളക്കം കേട്ടോ ?

വയ്യാ... വിരലിലെ വേദന കാലിന്റെ മുകളറ്റം വരെ അരിച്ചു കയറുന്നു. എത്രയും വേഗം സുധാകരന്റെ വീട്ടിലെത്തണം. വേഗത പോരാ. കാലു വലിച്ചു വെച്ച് നടന്നു. വയ്യാ... കിതപ്പ്. പ്രാണവായു വലിച്ചെടുക്കാൻ സ്പോഞ്ചുപോലെയുള്ള ശ്വാസകോശത്തിന്റെ ആർത്തി ... കൽപ്പടവുകൾക്കു മേലെ ഒരുപാട് ഭയവും ജിജ്ഞാസയും തന്ന ആ വരാന്ത ... അവിടെയെത്തിയാൽ ഒന്ന് ചാരിയിരിക്കാം. ഏതാനും ചുവടുകൾ കൂടി. 

ഹാവൂ.... എന്തൊരാശ്വാസം... കണ്ണുകൾ അടയുന്നു. അല്ല... കൺപോളകൾ വലിഞ്ഞു താഴുന്നു.. നഖമിളകിയ വിരലിന്റെ വേദന കുറയുന്നു. ആരോ കണ്ണുകൾ പൊത്തുന്നോ ? ശരീരത്തിന് ആകെ ഒരു അയവ് പണ്ടെങ്ങോ അനുഭവിച്ച ഒരു സുഖം... ശാന്തത... ഇത് അവസാനിക്കാതിരുന്നെങ്കിൽ ... തണുപ്പ് കൺപോളകളിൽ നിന്നും ഉള്ളിലേക്ക് പടരുന്ന തണുപ്പ് ... ഉള്ളിലേക്ക് .... ഇനിയും ഉള്ളിലേക്ക് .... ചെളിവെള്ളം പോലെ ചിതൽ മൂടിയ ഓർമ്മകൾക്കിടയിലൂടെ കണ്ണുകൾ ഒഴുകി നടന്നു....



വേരറുത്തു പോകുന്നവർ

                    വേരറുത്തു പോകുന്നവർ “എന്നാ ഒരു തണുപ്പാ... കർത്താവിന് വല്ല കുംഭത്തിലോ മീനത്തിലോ ജനിച്ചാൽ പോരാരുന്നോ... “ കമ്പിളിക്കുപ്പായ...