മൺസൂൺ ആയതു കൊണ്ട് ഇപ്പോൾ തിരക്ക് തീരെയില്ല. ആൾത്തിരക്ക് ഒഴിഞ്ഞ തെരുവുകൾ. ആർക്കും, കുടജാദ്രിയിലേക്കുള്ള ട്രിപ്പ് ജീപ്പുകൾക്കു പോലും ഇപ്പോൾ തിടുക്കമില്ല. ആൾക്കാരെ ആകർഷിക്കാനുള്ള പൂക്കാരികളുടെ ബഹളവും ഗസ്റ്റ് ഹൗസുകളിലേക്ക് ആളെ വിളിക്കുന്ന ചെക്കൻമാരുടെ ഒച്ചപ്പാടും ഇല്ലാത്ത, ആർക്കും തിടുക്കമില്ലാത്ത ഇതുപോലെ ഒരു ഓഫ് സീസണിലാണ് ആദ്യമായി ഇവിടെ വന്നത്. അല്ലെങ്കിലും ഉത്സവവും തിരക്കും ഒച്ചപ്പാടും ഉള്ളപ്പോഴൊക്കെ പ്രാർത്ഥനയും ശാന്തതയും തനിക്ക് അന്യമായിരുന്നല്ലോ. " ഒന്നിച്ചു തൊഴാൻ ഈ മനുഷ്യനെ കിട്ടിയിട്ടേയില്ല " എന്ന ഭാര്യയുടെ പതിവു പരാതിക്കും അപൂർവ്വമായി മാത്രം ഉണ്ടായ പരിഹാരങ്ങളിൽ ഒന്നും ഇവിടെ, ഇതുപോലെ ഒരു മഴക്കാലത്ത് ആയിരുന്നല്ലോ. അന്ന് രണ്ടു ദിവസം കൊണ്ട് എത്ര തവണ തൊഴുതു ? ഓർമ്മ കിട്ടുന്നില്ല. അടർന്ന നഖത്തിന്റെ വേദന ചിന്തകൾക്ക് ഒരിടവേള നല്കി. വയ്യ , അധികം നേരം ഈ വിങ്ങൽ സഹിക്കാൻ. അല്പം കൂടി നടന്നാൽ സുധാകരന്റെ വീടെത്തും. ഒരു പെട്ടിയിൽ ഒരു ആശുപത്രി കാത്തുസൂക്ഷിക്കുന്ന സുധാകരൻ. നടക്കുക തന്നെ.
നഖം അടർന്ന വിരലുകൾ വീണ്ടും വീണ്ടും കല്ലിൽ തട്ടും. സ്കൂൾ കാലത്തെ അനുഭവ പാഠം ഒരിക്കൽക്കൂടി മനസിൽ ആവർത്തിച്ചു. മഴ പെരുമഴയാകുന്നതിനു മുമ്പ് സുധാകരന്റെ വീടെത്തണം. ആഞ്ഞു നടന്നു. മഴക്ക് ശക്തി കൂടുന്നു. നഖമിളകിയ വിരൽ ഓർമ്മകളെ ഈയൽക്കൂട്ടം പോലെ ഇളക്കിവിടുകയാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ വിരലിന് അപൂർവ്വമായി മാത്രം വന്നിരുന്ന അതിഥി ആയിരുന്നല്ലോ നഖം.
മഴയുടെ തിരശീലക്കപ്പുറം കല്ലുകൾ എഴിച്ചു നിൽക്കുന്ന റോഡ് . മഴ വെള്ളം ചെറു നദികളായി ഒഴുകി റോഡരികിലെ കുഴികളിൽ നിറയുന്നു. കടുപ്പം കൂടിയ ചായ പോലെ കുഴികളിൽ നിറഞ്ഞ ചെളിവെള്ളം . അതിൽ നിന്നും തലപൊക്കി നോക്കുന്ന ചെമ്പൻ തവളകൾ. കുട്ടിപ്പാവാട ഉടുത്തതു പോലെ റെയിൻ ഗാർഡ് അണിഞ്ഞ റബ്ബർ മരക്കാടുകൾ താണ്ടിയിരിക്കുന്നു. വഴിയുടെ ഇടതു വശത്ത് ഭീമാകാരന്മാരായ രണ്ട് ആഞ്ഞിലി മരങ്ങൾ. കുറച്ചു വടക്കു മാറി കാവി നിറമുള്ള പൂക്കൾ വിടർത്തി നിൽക്കുന്ന പേരറിയാത്ത ചെടികൾ . അവയുടെ മേലേക്ക് ചരിഞ്ഞു പടർന്നു നിൽക്കുന്ന കമ്പിളിനാരകം. പടിഞ്ഞാട്ടു നീങ്ങി നാലു കൽപ്പടവുകളുടെ പാെക്കത്തിൽ ജാതി മരത്തിന്റെ പശ്ചാത്തലത്തിൽ അഴിയിട്ട , ഓടുകളിൽ കാലപ്പഴക്കത്തിെന്റെ കരിമ്പച്ച പായലു പിടിച്ച നിരപ്പലകകളിൽ ഈർപ്പം പൂപ്പൽ പടർത്തിയ അറയും നിരയും ഉള്ള വീട്. ഏതോ മാന്ത്രിക നോവലിന്റെ കവർ ഇല്ലസ്ട്രേഷൻ പോലെ . ഈ വഴി.... ഈ സ്ഥലം .... വലതു വശത്ത് കൈത്തോടിനപ്പുറം കണ്ടത്തിൽ പോത്തുകളെ കെട്ടി ഉഴുന്ന ഉമ്മന്റെയും മത്താപ്പാന്റെയും കട്ടകാര വടികളുടെ മൂളക്കം കേട്ടോ ?
വയ്യാ... വിരലിലെ വേദന കാലിന്റെ മുകളറ്റം വരെ അരിച്ചു കയറുന്നു. എത്രയും വേഗം സുധാകരന്റെ വീട്ടിലെത്തണം. വേഗത പോരാ. കാലു വലിച്ചു വെച്ച് നടന്നു. വയ്യാ... കിതപ്പ്. പ്രാണവായു വലിച്ചെടുക്കാൻ സ്പോഞ്ചുപോലെയുള്ള ശ്വാസകോശത്തിന്റെ ആർത്തി ... കൽപ്പടവുകൾക്കു മേലെ ഒരുപാട് ഭയവും ജിജ്ഞാസയും തന്ന ആ വരാന്ത ... അവിടെയെത്തിയാൽ ഒന്ന് ചാരിയിരിക്കാം. ഏതാനും ചുവടുകൾ കൂടി.
ഹാവൂ.... എന്തൊരാശ്വാസം... കണ്ണുകൾ അടയുന്നു. അല്ല... കൺപോളകൾ വലിഞ്ഞു താഴുന്നു.. നഖമിളകിയ വിരലിന്റെ വേദന കുറയുന്നു. ആരോ കണ്ണുകൾ പൊത്തുന്നോ ? ശരീരത്തിന് ആകെ ഒരു അയവ് പണ്ടെങ്ങോ അനുഭവിച്ച ഒരു സുഖം... ശാന്തത... ഇത് അവസാനിക്കാതിരുന്നെങ്കിൽ ... തണുപ്പ് കൺപോളകളിൽ നിന്നും ഉള്ളിലേക്ക് പടരുന്ന തണുപ്പ് ... ഉള്ളിലേക്ക് .... ഇനിയും ഉള്ളിലേക്ക് .... ചെളിവെള്ളം പോലെ ചിതൽ മൂടിയ ഓർമ്മകൾക്കിടയിലൂടെ കണ്ണുകൾ ഒഴുകി നടന്നു....

No comments:
Post a Comment