
മച്ചിൽ തിരിയുന്ന ഫാനിലേക്ക് നോക്കിയുള്ള ഈ കിടപ്പു തുടങ്ങിയിട്ട് ഇന്ന് നാലു ദിവസം കഴിയുന്നു. എരിയുന്ന ചന്ദനത്തിരികളുടെയും കർപ്പൂരത്തിന്റെയും ഗന്ധമുള്ള ചെറിയ മുറി. മങ്ങിയ പച്ചനിറമുള്ള ഭിത്തികൾ . കട്ടിലിൻറെ തലയ്ക്കൽ ഗംഗയിലേക്ക് തുറന്നിട്ട രണ്ടു പാളികൾ ഉള്ള ജനാല. ജനാലയ്ക്കു മുകളിൽ തൂങ്ങുന്ന ഒരു ചെറിയ തേനീച്ചപ്പെട്ടി പോലെ തോന്നിക്കുന്ന ലൗഡ് സ്പീക്കറിൽ നിന്നും വിശ്വനാഥാഷ്ടകവും തുളസീ രാമായണവും നേർത്ത സ്വരത്തിൽ മാറി മാറി കേൾക്കാം. ഒപ്പം വന്നവർ കർമ്മികളായ പണ്ഡകളെയും ശ്മശാനത്തിന്റെ നടത്തിപ്പുകാരായ ദോമുകളെയും തിരഞ്ഞു പോയിട്ടുണ്ടാവണം. ഭിത്തിയോടു ചേർത്തിട്ട കട്ടിലിൽ പണിപ്പെട്ട് നിരങ്ങി അനുപം ഘോഷ് ഭിത്തിയിലേക്കു ചെവി ചേർത്തുവെച്ചു. പുറത്തെ തെരുവിൽ നിന്നും " രാം നാം സത്യ ഹെ... രാം നാം സത്യ ഹെ..." എന്ന മന്ത്രോച്ചാരണ ശബ്ദങ്ങൾ അകന്നു പോകുന്നു. ഇന്നും ആരോ മോക്ഷം പ്രാപിച്ചിട്ടുണ്ട്. ഇവിടെയെത്തിയാൽ പിന്നെ വാരം തികയ്ക്കേണ്ടി വരില്ല എന്നാണല്ലോ.. അയാൾ പതിയെ കണ്ണുകൾ അടച്ചു.
" തോമാർ പൂജാർ ഛൊലേ തൊമായ് ഭൂലേ താക്കി..." ആലിന്റെ തടിയിൽ തറച്ച ആണിയിൽ തൂങ്ങിക്കിടന്ന് മർഫി റേഡിയോ പാടുന്ന രബീന്ദ്ര സംഗീതം കേട്ട്, പടർന്നു പന്തലിച്ച ആൽ മരത്തിന്റെ തണലിൽ, ഗംഗയുടെ കൽപ്പടവുകളിൽ ഒന്നിൽ, അയാൾ സുധാംശുവിന്റെ മടിയിൽ തല വെച്ചു കിടന്നു. കണ്ണടച്ചു കിടക്കുന്ന അയാളുടെ മുഖത്ത് കുഞ്ഞുങ്ങളുടെ മുഖത്ത് മാത്രം കാണുന്നതുമാതിരിയുള്ള ഒരു നിഷ്കളങ്കത നിറഞ്ഞു നിന്നു. ആ വരികളുടെ അർത്ഥം പറയുന്നതുപോലെ "നിന്നെ ഞാൻ ഒരിക്കലും ആരാധിക്കില്ല, ആരാധിക്കുന്നതിന്റെ പേരിൽ നിന്നെ ഞാൻ മറന്നുപോയെങ്കിലോ "? എന്ന് കണ്ണു തുറക്കാതെ അയാൾ പറഞ്ഞത് കേട്ടിട്ടും ഭാവവ്യത്യാസങ്ങൾ ഇല്ലാതെ നിശബ്ദയായി അവൾ അയാളുടെ ചുരുണ്ടു തിങ്ങിയ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ടേയിരുന്നു. അവളുടെ കണ്ണിലെ നിസംഗതയിൽ ആരാധിച്ചാലും ഇല്ലെങ്കിലും അയാൾ അവളെ മറക്കും എന്ന വിശ്വാസം നിറഞ്ഞിരുന്നതു പോലെ തോന്നി. പക്ഷേ അയാളെ സ്നേഹിക്കുന്നത് നിർത്താൻ അവൾക്ക് അറിയുമായിരുന്നില്ലല്ലോ.
സ്വപ്നനഗരത്തിൽ ട്രെയിനിറങ്ങുമ്പോൾ നേരം നന്നെ ഇരുട്ടിയിരുന്നു. ചുരുണ്ട മുടിയിഴകൾ അയാളുടെ നെറ്റിയിലേക്ക് അലസമായി ചാഞ്ഞു കിടന്നു. ഏതാനും ദിവസങ്ങൾ കൊണ്ടു തന്നെ നഗരത്തിലെ പ്രധാന സിനിമാ കമ്പനികളുടെ വാതിലുകൾ അയാളുടെ പാതിയടഞ്ഞ കണ്ണുകൾക്കു മുന്നിൽ മലർക്കെ തുറന്നു. ഗംഗയുടെ പടവുകളും ആലിന്റെ തണലും രബീന്ദ്ര സംഗീതവും അയാളുടെ പേനയ്ക്ക് വിരുന്നൊരുക്കി. ആ വരികൾ ബോളിവുഡിനും രാജ്യത്തെ നിരാശാ കാമുകന്മാർക്കും ആഘോഷമായി. പലപ്പോഴും നഗരത്തിന്റെ ആഘോഷരാവുകളുടെ കേന്ദ്ര ബിന്ദു അയാളായി. അയാൾ ആഘോഷങ്ങളിൽ നിറയുകയായിരുന്നോ അതോ ആഘോഷങ്ങൾ അയാളിലേക്ക് ചുരുങ്ങുകയായിരുന്നോ? നിശ്ചയമില്ല.
ഇതിനിടയിലെപ്പോഴോ ആരാധനയൊന്നും കൂടാതെ തന്നെ അയാൾ സുധാംശുവിനെ മറന്നിരുന്നു. തുടുത്ത കവിൾത്തടം ചീർത്തു. നെറ്റിയിൽ വീണുകിടന്ന ചുരുൾ മുടി ഇപ്പോഴില്ല. ഇപ്പോൾ അയാളുടെ വരികളിലല്ല, സിരകളിലാണ് ലഹരി. ബോധാബോധങ്ങൾക്കിടയിൽ എപ്പോഴോ അയാൾ പാടി " തോമാർ പൂജാർ ഛൊലേ തൊമായ് ഭൂലേ താക്കി "... പൊട്ടിക്കരഞ്ഞു കൊണ്ട് അയാൾ ആ പഴയ പത്രത്താളുകളുടെയും പഴയ തോൾസഞ്ചിയുടെയും മുകളിലേക്ക് വീണു. അയാളുടെ പാതിയടഞ്ഞ കണ്ണുകൾ അപ്പോൾ പൂർണ്ണമായും അടഞ്ഞിരുന്നു.
രണ്ടു ദിവസങ്ങൾക്കു ശേഷം കണ്ണുകൾ തുറന്നത് നാനാവതി ഹോസ്പിറ്റലിന്റെ ശീതീകരിച്ച മുറിയിലായിരുന്നു. വൈകുന്നേരങ്ങളിൽ അയാൾക്കു പതിവായി റമ്മും കോളയും വങ്ങി വരുന്ന പയ്യനാണ് പിറ്റേന്ന് മുഖം കോടി, ബോധം കെട്ടു കിടക്കുന്ന അവസ്ഥയിൽ ആദ്യം കണ്ടതത്രെ. അവൻ വിളിച്ചു വരുത്തിയ പഴയ ആഘോഷ സംഘമാണ് ആശുപത്രിയിൽ എത്തിച്ചതും പണം കൊടുത്തതും. പഴയ തോൾസഞ്ചിയിൽ നിന്നും കണ്ടെടുത്ത ഏതോ കത്തിലെ വിവരം വച്ച് വാരാണസിയിൽ എത്തിച്ചതും അവർ തന്നെയാണ്. ഇനി ഒരു തിരിച്ചു വരവ് സാധ്യമാകാത്ത വിധം പലതും തകർന്നു പോയിരിക്കുന്നു. ശരീരവും സമ്പാദ്യവും മനസും ഓർമ്മയും ഒക്കെ. എങ്കിലും മനസിൽ ഒരാഗ്രഹം. സുധാംശുവിനെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ ..
പഴയ വീടിരുന്ന സ്ഥലത്ത് ഇപ്പോൾ നമാമി ഗംഗാ പ്രോജക്റ്റിന്റെ ഓഫീസ് മന്ദിരമാണ്. സ്ഥലം സർക്കാർ ഏറ്റെടുത്തു പോലും. അങ്ങനെയാണ് അവർ ഗോദൂലിയയിലെ മുക്തിഭവനിലേക്ക് ഘോഷിനെ എത്തിച്ചത്. എന്തായാലും അധികം കാലം ഇനിയില്ല. ബാക്കി കാലം മുക്തിഭവൻകാർ നോക്കും. കർമ്മികളായ പണ്ഡകളെയും ശ്മശാനത്തിന്റെ നടത്തിപ്പുകാരായ ദോമുകളെയും കണ്ട് പണം കെട്ടിയാൽ ബാക്കി കാര്യങ്ങൾ അവരും നോക്കിക്കൊള്ളും. ഇനി അവശേഷിക്കുന്ന ഒരേയൊരു യാത്ര മണികർണ്ണികാഘട്ടിലേക്കാണ്. മുക്തിഭവനു പുറത്ത് മറ്റാർക്കോ കൂടി മോക്ഷം ലഭിച്ചതിന്റെ ശബ്ദഘോഷങ്ങൾ. തെളിമ കുറഞ്ഞ ഓർമ്മകളിൽ എവിടെയോ ഒരു മർഫി റേഡിയോ പാടുന്നു. " തോമാർ പൂജാർ ഛൊലേ തൊമായ് ഭൂലേ താക്കി..." പടവുകളൊന്നിലെ ആൽമരത്തിന്റെ ചില്ലകൾ ഉലച്ച് മുറിയുടെ ജനാലയും കടന്നുവന്ന് അയാളുടെ കൺകോണിൽ ഊറിയ നീർത്തുള്ളിയിൽ ചുംബിച്ച ഗംഗയിലെ കാറ്റിൽ സുധാംശുവിന്റെ ചിതാഭസ്മ ധൂളികളും അലിഞ്ഞിരുന്നു.
No comments:
Post a Comment