വേരറുത്തു പോകുന്നവർ
“എന്നാ ഒരു തണുപ്പാ... കർത്താവിന് വല്ല കുംഭത്തിലോ മീനത്തിലോ ജനിച്ചാൽ പോരാരുന്നോ... “ കമ്പിളിക്കുപ്പായത്തിൻറെ കഴുത്ത് ഒന്നുകൂടി വലിച്ചിറുക്കി കഴുത്തിന് കുറച്ചു കൂടി ചേർത്തുപിടിച്ച് ദേവസ്യാച്ചൻ പിറുപിറുത്തു. “ദൈവദോഷം പറയാതെൻറെ മനുഷേനേ... കർത്താവനുഗ്രഹിച്ചാ അടുത്ത ക്രിസ്മസ് പിള്ളാരട കൂടെ നൂസിലാണ്ടി കൂടാം..” അന്നാമ്മച്ചേടത്തി കെട്ട്യോനെ ശാസിച്ചു. രണ്ടു പേരും പാതിരാ കുർബാനയും കഴിഞ്ഞ് പള്ളിയിൽ നിന്നും വരുന്ന വഴിയാണ്. മെയിൻ റോഡ് വരെ കുന്നേലെ മത്തായീം പെമ്പിളേം കൂട്ടുണ്ടായിരുന്നു. മേപ്രത്തെ വീട്ടിലേക്കുള്ള വഴി തിരിയുന്നേടം മുതൽ ദേവസ്യാച്ചനും അന്നാമ്മയും മാത്രമായി. രണ്ടു കുടുംബത്തും അവർ രണ്ടു ദമ്പതികൾ മാത്രമേ ഉള്ളൂ. മക്കളെല്ലാം വിദേശത്താണ്. മത്തായിയും ലില്ലിക്കുട്ടിയും അമേരിക്കയിലുള്ള മകളുടെ അടുത്തു നിന്ന് വന്നിട്ട് രണ്ടാഴ്ച ആകുന്നതേയുള്ളൂ. അവരുടെ അമേരിക്കൻ വിശേഷങ്ങൾ കേട്ടു നടന്നു വന്നതിൻറെ റിയാക്ഷനാണ് അന്നാമ്മയുടെ വാചകം എന്ന് ദേവസ്യാച്ചന് മനസിലായി. ആയ കാലം മുഴുവനും പറമ്പിൽ കഷ്ടപ്പെട്ടും പശുവിനെ വളർത്തിയും പിള്ളേരെ രണ്ടിനേം പഠിപ്പിച്ചു. രണ്ടെണ്ണോം ജോലിക്ക് കേറി. ആദ്യം ഡൽഹിയിൽ. പിന്നെ ഗൾഫിൽ. അവിടുന്ന് അയർലണ്ടിൽ. മൂത്തവൻ ജോയിക്കുട്ടീം കുടുംബവും അയർലണ്ടിൽ നിന്ന് ന്യൂസിലണ്ടിലേക്ക് പോയിട്ട് മൂന്നു മാസം കഴിഞ്ഞു. കുഞ്ഞുമോളും കെട്ട്യോനും അയർലണ്ടിൽത്തന്നെ ഉണ്ട്. അവൻറെ വീതോം വിറ്റു സ്വന്തം വീടും കാറും ഒക്കെ വാങ്ങിച്ച് അവൻറെ അപ്പനേം അമ്മേം കൂടെക്കൂട്ടി. ഇതൊക്കെ കണ്ടിട്ട് അന്നാമ്മയ്ക്ക് അങ്ങോട്ട് ഒക്കുന്നുമില്ല. ബന്ധക്കാരും അയലോക്കക്കാരും ഒക്കെ ഓരോ നാട്ടിൽ പോയിവന്ന് വിശേഷങ്ങൾ പറയുന്നതും കേട്ട് താൻ എന്നുംകുന്നും ഈ മലമൂട്ടിൽ തന്നെ കെടക്കേണ്ടി വരുമല്ലോ എന്നോർത്ത് ഒരാധി. മരുമകൾക്കിത് രണ്ടാം മാസമാണ്. ഏഴാംമാസം മുതൽ അവരുടെ കൂടെ ആരെങ്കിലും വേണമല്ലോ. ലിജിയുടെ അമ്മയ്ക്ക് യാത്ര ചെയ്യാനും ആവതില്ല. അതാണ് ഇപ്പോ അന്നാമ്മയുടെ പ്രതീക്ഷ. അവർ രണ്ടു പേരും പറമ്പിൽ ഉള്ള ആദായമെടുത്തും മക്കൾ അയച്ചു കൊടുക്കുന്ന തുക കൂട്ടിവെച്ചും അങ്ങനെ ജീവിച്ചുപോയി. അങ്ങനെ ക്രിസ്മസും ന്യൂ ഇയറും ഈസ്റ്ററും ഒക്കെ കഴിഞ്ഞ് എട്ടുനൊയമ്പ് തുടങ്ങി. ജോയിക്കുട്ടി ഇതുവരെ അമ്മച്ചിയെ കൊണ്ടുപോകുന്ന കാര്യമൊന്നും പറയുന്നുമില്ല. എനി അവടെ തള്ളേ അങ്ങോട്ടു കെട്ടിയെടുക്കുമാരിക്കും. അച്ചിക്കോന്തൻ. അന്നാമ്മ യുടെ ചിന്തകൾ ഇങ്ങനെ പലവഴി പോയി. ദേവസ്യാച്ചൻ പതിവുപോലെ മണർകാട് പള്ളിയിൽ പോയിവന്നു. ജോയിക്കുട്ടിയുടെ പേരിൽ പുതിയതായി വാങ്ങിച്ച പുരയിടത്തിൽ കൊടിയുടെയും കൊക്കോയുടെയും ഒക്കെ ഇടയിൽ വെച്ച വാഴയും ചേനയും ഒക്കെ നനയ്ക്കാൻ ഉള്ള സംവിധാനങ്ങൾ ഒരുക്കുന്ന പണിയിലാണ് ഇപ്പോൾ. ഏതെങ്കിലും കാലത്ത് അവൻ തിരിച്ചു വരുമ്പോഴും വരുമാനത്തിന് എന്തെങ്കിലും ഒരു വഴി വേണമല്ലോ. വീടും പുരയിടവും കൂടി ജോയിയുടെ പേരിൽ എഴുതിവെച്ചു. അങ്ങനിരിക്കെ ഒരു ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് ജോയി വീട്ടിൽ എത്തി. അമ്മച്ചിയെ കൊണ്ടുപോകാനുള്ള കടലാസും ശരിയാക്കിയിട്ടുള്ള വരവാണ്. അന്നാമ്മയ്ക്ക് സന്തോഷമായി. അമ്മയും മകനും കൂടി ടൗണിൽ പോയി തുണിയും പെട്ടിയും കുറെ സാധനങ്ങളും ഒക്കെ വാങ്ങി വന്നു. സന്ധ്യാ പ്രാർത്ഥനയും കഴിഞ്ഞ് വീടിനു പിന്നിൽ പണിയായുധങ്ങളും ഒക്കെ വെക്കുന്ന മുറിയുടെ വരാന്തയിൽ ഇരുന്ന് അപ്പന് രണ്ടാമത്തെ പെഗ്ഗ് ഒഴിച്ചു കൊടുക്കുന്ന കൂട്ടത്തിൽ ജോയിക്കുട്ടി നൈസായിട്ട് കാര്യം അവതരിപ്പിച്ചു. “ ആയകാലം മുഴുവൻ ഇവിടെ കിടന്നു മടച്ചതല്ലേപ്പാ? ഇനി ഇതൊക്കെ മതിയാക്കാം. നമ്മക്ക് ഈ വീടും പുരയിടോം ഒക്കെ കൊടുത്തിട്ട് അവിടെ സെറ്റിലാകാം. ഞാൻ അവിടെ ഒരു വീടും ഒക്കെ കണ്ടുവെച്ചിട്ടൊണ്ട്. അപ്പനും എൻെറ കൂടെ വരണം. ഉടനെ വേണ്ട. മൂന്നാലു മാസം കഴിഞ്ഞു മതി.” രണ്ടാമത്തെ പെഗ് സാവധാനം കുടിച്ചിറക്കിയതല്ലാതെ ദേവസ്യാച്ചൻ ഒന്നും പറഞ്ഞില്ല. ദീർഘമായി ശ്വാസമൊന്ന് വലിച്ചുവിട്ടു. ഇടതുകൈ തലയ്ക്കു പിന്നിലേക്ക് ഉയർത്തി മടക്കിപ്പിടിച്ച് വലതുകൈകൊണ്ട് ഇടതുവാരിയും തടവി അടുക്കളയിലേക്ക് പോയി. അന്നും പിറ്റേന്നും അയാൾ പറമ്പിലേക്ക് പോയില്ല. അന്നാമ്മയുടെ പെട്ടി പാക്ക് ചെയ്യാൻ അയാളും സഹായിച്ചു. അയാളുടെ നിശബ്ദത താൻ പോകുന്നതിന്റെ വിഷമം കൊണ്ടാണെന്ന് അവരും കരുതി. അടുത്ത ഒന്നുരണ്ടു മാസം കൊണ്ട് പത്തുപന്ത്രണ്ടു പേർ ആ വീടിനും വസ്തുവിനും വില പറയാൻ വന്നു. ചിലർക്ക് വിലയൊത്തില്ല, വിലയൊത്ത ചിലരുമായി ദേവസ്യാച്ചനും ഒത്തില്ല. അങ്ങനെ അടുത്ത ക്രിസ്മസ് ആയി. ദേവസ്യാച്ചൻ മക്കളെ വിളിച്ച് ഇത്തവണ ക്രിസ്മസ് ഒരുമിച്ച് വീട്ടിൽ കൂടാം എന്ന് പറഞ്ഞു. പണിക്കാരൻ ബാബുവും ദേവസ്യാച്ചനും കൂടി ഒരു മനോഹരമായ പുൽക്കൂട് ഒരുക്കി. മുററത്തിനു താഴെ നിൽക്കുന്ന വലിയ ജാതി മരം ക്രിസ്മസ്ട്രീയായി ഒരുക്കി. അതിൻെറ ഏറ്റവും മുകളിൽ ഒരു വലിയ ചുവന്ന നക്ഷത്രം തിളങ്ങി. ക്രിസ്മസിനു തലേന്ന് മക്കളെല്ലാം എത്തി. വൈകുന്നേരം അവർക്ക് ഒരു അതിഥി കൂടിയെത്തി. തിരുവല്ലാക്കാരൻ കുര്യൻ. എല്ലാവരുംകൂടി പാതിരാ കുർബാനയും ഒക്കെ കൂടി. പോർക്കും മീനും പോത്തും താറാവും അപ്പവും ഒക്കെ ചേർന്ന് പിറ്റേന്ന് വിരുന്നും ഗംഭീരമായി. ആണുങ്ങളെല്ലാവരും കൂടി പുരയിടം കാണാനായിറങ്ങി. ഓരോ ചെടിയും ഓരോ മരക്കാലും തൊട്ടുകാണിച്ച് അതെല്ലാം നട്ടു നനച്ചു വളർത്തിയ കഥകൾ പറഞ്ഞു ദേവസ്യാച്ചൻ. അന്നാമ്മയും പെണ്ണുങ്ങളും ചേർന്ന് പെട്ടികൾ കെട്ടി. ന്യൂ ഇയറിന് അയർലണ്ടിലെ മകളുടെ കൂടെ. അതുകഴിഞ്ഞ് ന്യൂസിലണ്ടിലേക്ക്. അങ്ങനെയായിരുന്നല്ലോ അവരുടെ പരിപാടി. സന്ധ്യ മയങ്ങിയപ്പോൾ ആണുങ്ങളെല്ലാം സ്മോളടിക്കാനുള്ള വട്ടം കൂട്ടി. അവിടെവെച്ച് കുര്യൻ ആ സ്ഥലത്ത് താൻ തുടങ്ങാൻ ഉദ്ദേശിക്കുന്ന റിസോർട്ടിൻറെ കാര്യം പറഞ്ഞു. അപ്പോഴാണ് വീടും പുരയിടവും എല്ലാം കുര്യനു വിറ്റ കാര്യം ദേവസ്യാച്ചൻ അറിഞ്ഞത്. പിന്നെ അയാളൊന്നും മിണ്ടിയില്ല. പിറ്റേന്ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പറക്കുമ്പോൾ നിറഞ്ഞ കണ്ണുകൾ കാഴ്ച മറച്ചെങ്കിലും ജനാലയ്ക്കരികിലെ സീറ്റിൽ നിന്ന് ദേവസ്യാച്ചൻ താഴേക്ക് നോക്കി. താഴെ എവിടെയെങ്കിലും ജാതിമരത്തിനു മുകളിൽ തിളങ്ങുന്ന ഒരു ചുവന്ന നക്ഷത്രം കാണാനുണ്ടോ എന്ന്.
